കൊച്ചി മെട്രോ അരൂരിലേക്ക് നീട്ടണം: ആവശ്യം ശക്തമാകുന്നു

അരൂർ: കൊച്ചി മെട്രോ സർവീസുകൾ അരൂരിലേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് റസിഡൻസ് വെൽഫെയർ അസോസിയേഷനും (R.W.A) സൗഹൃദം കൂട്ടായ്മയും രംഗത്ത്. എറണാകുളം നഗരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും വിദ്യാർത്ഥികൾക്കും ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

തുറവൂർ – അരൂർ ആകാശപാതയുടെ നിർമ്മാണം കാരണം നിലവിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി മെട്രോ നീട്ടുന്നത് സഹായകമാകും. മെട്രോ റെയിൽ കോർപ്പറേഷൻ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബി. അൻഷാദ്, സൗഹൃദം കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീൺ കുമാർ, അരൂർ പ്രസ് ഫോറം സെക്രട്ടറി പി. ആർ. കൃഷ്ണകുമാർ എന്നിവർ പ്രസ്താവനയിറക്കി.

ആകാശപാത നിർമ്മാണം മൂലം അരൂർ മേഖലയിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് മെട്രോ ഒരു മികച്ച ബദലാകും.എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും വിദ്യാലയങ്ങളിൽ പോകുന്ന വിദ്യാർത്ഥികൾക്കും മെട്രോ വലിയ ഗുണം ചെയ്യും.കൊച്ചി മെട്രോയുടെ തുടക്കം മുതൽ തന്നെ അരൂരിലേക്ക് സർവീസ് നീട്ടണമെന്ന ആവശ്യം നിലവിലുണ്ട്. ജനകീയമായ ഈ വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് അസോസിയേഷനുകളുടെ തീരുമാനം.

ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തി ജനങ്ങളോടൊപ്പം നിൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *