കൊച്ചി: ഐ.എസ്.എൽ പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ നടക്കാനിരിക്കെ, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകയെച്ചൊല്ലി ക്ലബ്ബും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ) തമ്മിൽ കടുത്ത തർക്കം. വാടക കുടിശ്ശിക വരുത്തിയെന്നും കരാർ ലംഘിച്ചുവെന്നും ആരോപിച്ചാണ് ജി.സി.ഡി.എ ക്ലബ്ബിനെതിരെ നടപടി തുടങ്ങിയത്.
മുൻപ് ഒരു മത്സരത്തിന് 2 ലക്ഷം രൂപ പ്ലസ് ജി.എസ്.ടി എന്ന നിരക്കിൽ വാടക നിശ്ചയിച്ചിരുന്നെങ്കിലും, ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റി ഇത് ഏകദേശം 4.20 ലക്ഷം രൂപയായി ഉയർത്തി. സ്റ്റേഡിയത്തിന്റെ പരിപാലന ചിലവ് വർദ്ധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാടക തർക്കത്തെത്തുടർന്ന് സ്റ്റേഡിയം കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ജി.സി.ഡി.എ അധികൃതർ പൂട്ടി സീൽ ചെയ്തു.
മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ മീഡിയ റൂമിൽ നടക്കേണ്ടിയിരുന്ന പ്രീ-മാച്ച് പത്രസമ്മേളനം ജി.സി.ഡി.എ തടഞ്ഞു. ഇതേത്തുടർന്ന് ക്ലബ്ബിന് വാർത്താസമ്മേളനം ഓൺലൈനായി നടത്തേണ്ടി വന്നു.
മുൻ സീസണിലെ നാശനഷ്ടങ്ങൾക്കും മറ്റുമായി ഏകദേശം 22 ലക്ഷം രൂപയോളം കുടിശ്ശികയുണ്ടെന്നും ഇത് ഉടൻ അടച്ചുതീർക്കണമെന്നുമാണ് ജി.സി.ഡി.എയുടെ നിലപാട്. എന്നാൽ സ്റ്റേഡിയത്തിൽ നടന്ന മറ്റു പരിപാടികൾ മൂലമുണ്ടായ കേടുപാടുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്

