കോട്ടപ്പാറ മലനിരകളിൽ വൻ തീപിടിത്തം: ഏക്കർകണക്കിന് റബ്ബർ തോട്ടം കത്തിനശിച്ചു

വണ്ണപ്പുറം: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ മലനിരകളിലുണ്ടായ വൻ തീപിടിത്തത്തിൽ വൻ കൃഷിനാശം. ഇന്ന് ഉച്ചയോടെയാണ് മലനിരകളിൽ തീ പടർന്നുപിടിച്ചത്. വേനൽച്ചൂടിൽ ഉണങ്ങിക്കിടന്ന അടിക്കാടുകളിൽ നിന്ന് തീ വേഗത്തിൽ സമീപത്തെ റബ്ബർ തോട്ടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അപകടത്തിൽ ഏക്കർകണക്കിന് കൃഷിഭൂമി കത്തിനശിച്ചു.

മലനിരകളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. ശക്തമായ കാറ്റും വെയിലും തീ അണയ്ക്കുന്നതിന് തടസ്സമായെങ്കിലും നാട്ടുകാർ ചേർന്ന് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ ശ്രമിച്ചു. വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ കൃഷിയിടങ്ങളിലെ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. റബ്ബർ മരങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *