അപമാനിച്ച് ഇറക്കി വിട്ടു, എന്നാല്‍ മുഖ്യമന്ത്രി ചേര്‍ത്തു നിര്‍ത്തി, തൃപ്പൂണിത്തുറ ഹില്‍പ്പാലസ് കണ്ട് മനസ് നിറഞ്ഞു മടങ്ങി സ്‌നേഹക്കൂട്ടിലെ വയോധികര്‍

കോട്ടയം സ്‌നേഹക്കൂട് സ്‌നേഹമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഇത് സന്തോഷത്തിന്റെ ദിനം. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് കണ്ട് മനസ് നിറഞ്ഞു മടങ്ങി സ്‌നേഹക്കൂടിലെ അച്ഛനമ്മമാര്‍.കഴിഞ്ഞ തവണ പടിവാതില്‍ക്കല്‍ നിന്ന് മടങ്ങേണ്ടി വന്ന സങ്കടം മായ്ച്ചുകളയുന്നതായിരുന്നു പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ അവര്‍ക്കായി ഒരുക്കിയ സ്വീകരണം.

ഏതാനും ദിവസം മുമ്പ് ഹില്‍പാലസ് കാണാനെത്തിയ സ്‌നേഹക്കൂട്ടിലെ അന്തേവാസികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം മൂലം അകത്തു കയറാന്‍ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു.സ്‌നേഹക്കൂട്ടിലെ വയോധികരായ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ സഫലമീ യാത്ര എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഹില്‍പാലസ് സന്ദര്‍ശിച്ചത്. എന്നാല്‍ അപമാനത്തോടെ തിരിച്ചു പോരേണ്ടി വന്നു.

വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്‌നേഹക്കൂടിലെ അന്തേവാസികള്‍ക്ക് ഔദ്യോഗികമായി സ്വീകരണം ഒരുക്കിയത്. സ്‌നേഹക്കൂടിന്റെ ഡയറക്ടര്‍ നിഷക്ക് ഒപ്പമാണ് അന്തേവാസികള്‍ ഹില്‍പ്പാലസിലേക്ക് എത്തിയത്.

വയോജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും ഇനിയും ഇതുപോലെയുള്ള കൂടിക്കാഴ്ചകള്‍ക്ക് അവസരം ഒരുക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്തേവാസികള്‍ക്ക് വാക്കുകൊടുത്തു. ഒരു ഉദ്യോഗസ്ഥന്‍ കാണിച്ച കെടുകാര്യസ്ഥതയില്‍ ആ വകുപ്പിലെ എല്ലാവരും അങ്ങനെ ആണെന്ന് കരുതരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇത്തരം ഇടങ്ങളില്‍ വയോജനങ്ങള്‍ക്ക് പരിഗണന ഉണ്ടാകണം എന്ന ഒരു അപേക്ഷ വന്നിട്ടുണ്ടെന്നും അത് പ്രത്യേക പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്തേവാസികളായ തങ്കമ്മയ്ക്കും വര്‍ഗീസിനുമൊപ്പം മന്ത്രി കേക്ക് മുറിച്ചു മധുരം പങ്കിടുകയും ചെയ്തു. അന്തേവാസികള്‍ക്കായി പാട്ടുപാടിയും, ചിത്രമെടുത്തുമാണ് മന്ത്രി മടങ്ങിയത്. സമാപന ചടങ്ങില്‍ സ്‌നേഹക്കൂടിലെ അന്തേവാസികള്‍ കലാപരിപാടികളും അവതരിപ്പിച്ചു.അതേ സമയം അന്തേവാസികളോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *