ഓസ്ട്രിയൻ ഇരുചക്രവാഹന ബ്രാൻഡായ കെ.ടി.എം, തങ്ങളുടെ 2026 ഡ്യൂക്ക് 250 മോഡലിന് പുതിയ സിൽവർ നിറം അവതരിപ്പിച്ചിരിക്കുകയാണ്. ബജാജ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഡ്യൂക്ക് 250, ഇന്ത്യൻ വിപണിയിലെ ജനപ്രിയ എൻട്രി ലെവൽ നേക്കഡ് സ്പോർട്സ് മോട്ടോർസൈക്കിളാണ്. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കിയ ഈ നിറം, ഉടൻ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂക്ക് 250-ക്ക് വർഷങ്ങളായി നിരവധി അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഡിസൈൻ, ഫീച്ചർ ഘടകങ്ങൾ പലതും ഡ്യൂക്ക് 390-ൽ നിന്ന് കടമെടുത്തതാണ്. 2026 മോഡലിൽ പുതിയ സിൽവർ നിറത്തിനൊപ്പം ഗ്രാഫിക്സിലും ദൃശ്യപരമായ ചില മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
നിലവിൽ ഇന്ത്യയിൽ ഡ്യൂക്ക് 250 ‘എബണി ബ്ലാക്ക്’, ‘ഇലക്ട്രോണിക് ഓറഞ്ച്’, ‘അറ്റ്ലാൻ്റിക് ബ്ലൂ’ എന്നീ നിറങ്ങളിൽ ലഭ്യമാണ്. പുതിയ സിൽവർ നിറം നിലവിലുള്ളവയ്ക്കൊപ്പം വരുമോ അതോ ഏതെങ്കിലും നിറങ്ങൾ ഒഴിവാക്കുമോ എന്ന് കെ.ടി.എം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ നിറമൊഴികെ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയിൽ മാറ്റമില്ല.
സുഗമമായ ആക്സിലറേഷനും മികച്ച പ്രകടനവും നൽകുന്ന എൽ.സി.4.സി (LC4c) എഞ്ചിനാണ് ഡ്യൂക്ക് 250-ക്ക് കരുത്ത്. സിംഗിൾ സിലിണ്ടർ, ഡി.ഒ.എച്ച്.സി (DOHC) മോട്ടോർ 31 പി.എസ് (PS) പവറും 25 എൻ.എം (Nm) ടോർക്കും ഉത്പാദിപ്പിക്കുന്നു. മെച്ചപ്പെട്ട ആറ് സ്പീഡ് ഗിയർബോക്സാണ് ഇതിനോടൊപ്പം വരുന്നത്.
ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 300, സുസുക്കി ജിക്സർ 250, ഹീറോ എക്‌സ്ട്രീം 250, ഹസ്ക്വർണ സ്വാർട്ട്പിലൻ 250 തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ കെ.ടി.എം ഡ്യൂക്ക് 250-യുടെ പ്രധാന എതിരാളികൾ. ഇന്ത്യയിൽ ഡ്യൂക്ക് 250-ക്ക് നിലവിൽ 2.12 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. പുതിയ സിൽവർ നിറംകൂടി എത്തുന്നതുകൊണ്ട് വിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല.

