തിരുവനന്തപുരം: കുടുംബശ്രീയുടെ കാര്‍ഷിക ഭക്ഷ്യവിഭവങ്ങള്‍ ‘കെ-ഇനം’ എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലേക്ക്.ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മുപ്പത് പ്രീമീയം ബ്രാന്‍ഡ് ഭക്ഷ്യോല്‍പന്നങ്ങളാണ് കുടുംബശ്രീ എത്തിക്കുക. സംമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങള്‍, സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.
മികച്ച ഗുണനിലവാരവും ആകര്‍ഷകമായ പായ്ക്കിങ്ങും ഉള്‍പ്പെടെയാണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. രാജ്യത്തും വിദേശത്തുമടക്കം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ജനുവരി 17 ന് എറണാകുളം നെടുമ്പാശ്ശേരി ഫ്‌ളോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റ്‌റില്‍ രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും. ഇതോടൊപ്പം കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കൂടാതെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി നടപ്പാകുന്ന സ്റ്റാര്‍ട്ടപ് ശൃംഖല ‘യുക്തി’, തദ്ദേശീയ മേഖലയിലെ സംരംഭകര്‍ക്കായി നടപ്പാക്കുന്ന ‘ട്രൈബാന്‍ഡ്’, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഗിഫ്റ്റ് ബോക്‌സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
കുടുംബശ്രീ ഇനം പദ്ധതി ഭക്ഷ്യ ഉല്പന്ന മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനും വനിതാ സംരംഭകര്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും വഴിയൊരുക്കും

