ന്യൂഡൽഹി: മണിപ്പുരിലെ പുതിയ ബിജെപി സർക്കാരിന് രാഷ്ട്രീയമായും ധാർമികമായും യാതൊരു ധാരണയുമില്ലെന്നു കുക്കി സ്റ്റുഡന്റ് ഓർഗനൈസേഷൻ. കലാപത്തിനു പിന്നിൽ പ്രവർത്തിച്ച ആളുകൾക്കും സംഘങ്ങൾക്കുമെതിരേ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ പുതിയ സർക്കാരിനെതിരേ ഡൽഹി ജന്ദർമന്ദിറിൽ പ്രക്ഷോഭവും സംഘടിപ്പിച്ചു.
അതേസമയം, ചുരാചന്ദ്പുരിൽ കുക്കികൾ രണ്ടുദിവസമായി തുടർന്ന പ്രതിഷേധം അവസാനിച്ചു. പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു. കുക്കി സോ, ഹമർ വിഭാഗങ്ങളിൽപ്പെട്ട മൂന്ന് ബിജെപി എംഎൽഎമാർ സർക്കാർ രൂപവത്കരണത്തെ അനുകൂലിച്ചതാണു പ്രതിഷേധത്തിനു കാരണം.
വൈ. ഖേംചന്ദിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കുക്കി വനിതാ നേതാവ് നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയായി ചേർന്നതും എംഎൽഎമാരായ എൽ.എം. ഖൗട്ടെയും എൻ. സനേറ്റും സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതുമാണു പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഇതേത്തുടർന്ന് പലയിടങ്ങളിലും നടന്ന പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു.

