ഇറാഖിന്റെ പുതിയ പ്രസിഡന്റായി കുർദിഷ് നേതാവ് നിസാർ അമിദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബാഗ്ദാദ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറാഖിന്റെ പുതിയ പ്രസിഡന്റായി കുർദിഷ് നേതാവ് നിസാർ അമിദി അധികാരമേറ്റു. ഇറാഖ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 180 വോട്ടുകൾ നേടിയാണ് അദ്ദേഹം ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അധികാരമേറ്റ ശേഷം അദ്ദേഹം ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ രാജ്യത്തിന്റെ പത്താമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റഷീദിൽ നിന്നാണ് നിസാർ അമിദി ചുമതലയേറ്റെടുത്തത്. ബാഗ്ദാദിലെ അൽ സലാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് അദ്ദേഹത്തിന് ഔദ്യോഗികമായി അധികാരക്കൈമാറ്റം നടത്തി.ഇറാഖിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഐക്യവും സഹകരണവും ഉറപ്പാക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റായി ചുമതലയേറ്റ ഉടൻ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി മുഹമ്മദ് ഷിയ അൽ സുഡാനിയെ അദ്ദേഹം ഔദ്യോഗികമായി ചുമതലപ്പെടുത്തി.ദീർഘകാലമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്ക് പുതിയ പ്രസിഡന്റിന്റെ വരവോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇറാഖ് ജനത. ഇറാഖിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയുള്ള നേതാവാണ് നിസാർ അമിദി.

Leave a Reply

Your email address will not be published. Required fields are marked *