കുവൈത്ത് സിറ്റി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന ബോര്‍ഡിലേക്ക് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹിന് ക്ഷണം. യു.എസ് പ്രസിഡന്റിന്റെ ക്ഷണത്തെ കുവൈത്ത് മന്ത്രിസഭ സ്വാഗതം ചെയ്തു.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതും പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയോഗം സ്വാഗതം ചെയ്തു.ഈ സുപ്രധാന നടപടി വെടിനിര്‍ത്തല്‍ ഏകീകരിക്കാനും ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം പരിഹരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ദേശീയ കമ്മിറ്റി സ്ഥാപനത്തെയും സ്വാഗതം ചെയ്തു. ഗസ്സയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതില്‍ പ്രസിഡന്റ് ട്രംപിന്റെ പങ്കിനും സമാധാന ബോര്‍ഡ് സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചതിനും കുവൈത്തിന്റെ നന്ദിയും മന്ത്രിസഭ അറിയിച്ചു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ശ്രമങ്ങളെയും പ്രശംസിച്ചു.
ഫലസ്തീന്‍ ജനതക്ക് അവരുടെ എല്ലാ അവകാശങ്ങളും ലഭിക്കുന്നതുവരെ രാഷ്ട്രീയവും മാനുഷികവുമായ ഉറച്ച പിന്തുണ തുടരുമെന്നും മന്ത്രിസഭ ആവര്‍ത്തിച്ചു. ഇസ്രായേലും ഹമാസും തമ്മിലെ വെടിനിര്‍ത്ത ല്‍ കരാറിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് സമാധാന ബോര്‍ഡ് പ്രഖ്യാപിച്ചത്. ഗസ്സയിലും മറ്റിടങ്ങളിലും സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള വേദിയായാണ് ട്രംപ് സമിതിയെ വിശേഷിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളെ ബോര്‍ഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡിന് കഴിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഗസ്സ സമാധാന കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്ന നിര്‍വാഹക സമിതിയുടെ മേല്‍നോട്ടം ബോര്‍ഡിനായിരിക്കും

