അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ പ്രീമിയർ പീറ്റർ മാലിനാസ്കസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക് ഉജ്ജ്വല വിജയം. ആകെയുള്ള 47 സീറ്റുകളിൽ ഭൂരിഭാഗവും തൂത്തുവാരിയ ലേബർ പാർട്ടി രണ്ടാമതും അധികാരമുറപ്പിച്ചു. ലേബർ ആസ്ഥാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവർത്തകരുടെ ‘നാല് വർഷം കൂടി’ (four more years) എന്ന ആവേശകരമായ മുദ്രാവാക്യങ്ങൾക്കിടയിലാണ് പീറ്റർ മാലിനാസ്കസ് ഭാര്യക്കും നാല് മക്കൾക്കുമൊപ്പം വേദിയിലെത്തിയത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ലിബറൽ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പല കോട്ടകളിലും ലിബറലുകൾക്ക് അടിപതറി. അതേസമയം, പൗളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടി (One Nation) അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചു. ലിബറൽ വോട്ടുകളിൽ വലിയൊരു ശതമാനം വൺ നേഷൻ പാർട്ടിയിലേക്ക് മറിഞ്ഞതാണ് പ്രതിപക്ഷത്തിന് കനത്ത പ്രഹരമായത്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് മാലിനാസ്കസ് സർക്കാർ വീണ്ടും അധികാരത്തിലേറുന്നത്. ജനങ്ങൾ നൽകിയ ഈ വലിയ അംഗീകാരത്തിന് പീറ്റർ മാലിനാസ്കസ് നന്ദി രേഖപ്പെടുത്തി. ദക്ഷിണ ഓസ്ട്രേലിയയുടെ ഭാവി കൂടുതൽ കരുത്തുറ്റതാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

