അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ വ്യവസായ നഗരമായ പോർട്ട് പിരിയിൽ കുട്ടികളുടെ രക്തത്തിലെ ലെഡിന്റെ (ഈയം) അളവ് ആശങ്കാജനകമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. എസ്.എ ഹെൽത്ത് വെള്ളിയാഴ്ച പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം,നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികളിലാണ് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന തോതിലുള്ള ലെഡ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന സൂചകമായി കണക്കാക്കുന്ന ഈ പ്രായവിഭാഗത്തിലെ വർദ്ധനവ് ആരോഗ്യ വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്.
2025-ലെ റിപ്പോർട്ട് പ്രകാരം, പരിശോധനയ്ക്ക് വിധേയരായ രണ്ട് വയസ്സുകാരിൽ 79.8 ശതമാനം പേരുടെയും രക്തത്തിൽ ഡെസിലിറ്ററിന് അഞ്ച് മൈക്രോ ഗ്രാം എന്ന പരിധിക്കും മുകളിലാണ് ലെഡ് കണ്ടെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14.8 ശതമാനത്തിന്റെ വർദ്ധനവാണിത്. ശരാശരി ലെഡ് നില 7.2 മൈക്രോ ഗ്രാമായി ഉയരുകയും ചെയ്തു. നഗരത്തിലെ നൈർസ്റ്റാർ സ്മെൽറ്ററിൽ നിന്നുള്ള പുകയും പൊടിയും അന്തരീക്ഷത്തിൽ വ്യാപിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും മൊത്തത്തിലുള്ള കണക്കുകളിൽ നേരിയ പുരോഗതി ദൃശ്യമാണെന്നത് ആശ്വാസകരമാണ്. അഞ്ച് വയസ്സിൽ താഴെയുള്ളവരിൽ 10 മൈക്രോ ഗ്രാമിന് മുകളിൽ ലെഡ് രേഖപ്പെടുത്തിയവരുടെ എണ്ണം പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 20.3 ശതമാനത്തിലേക്ക് കുറഞ്ഞു. നഗരത്തിലെ വരണ്ട കാലാവസ്ഥയും കുറഞ്ഞ മഴയും അന്തരീക്ഷത്തിലെ ലെഡ് പൊടിപടലങ്ങൾ വർദ്ധിക്കാൻ കാരണമായതായി എസ്.എ ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ക്രിസ് ലീസ് പറഞ്ഞു.
സ്മെൽറ്റർ പ്രവർത്തനങ്ങളിൽ നിന്നുള്ള പഴയതും പുതിയതുമായ മലിനീകരണം ഇല്ലാതാക്കാൻ ശക്തമായ നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സ്മെൽറ്ററിൽ മലിനീകരണം കുറയ്ക്കാനാ വശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വീടുകളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രാദേശിക ആരോഗ്യ വിഭാഗം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, എങ്കിലും അന്തരീക്ഷത്തിലെ ലെഡിന്റെ അളവ് സ്ഥിരമായി കുറയ്ക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

