ടി20 ലോകകപ്പിലെ അമേരിക്കയ്‌ക്കെതിരായ പോരാട്ടത്തിൽ വിജയത്തിനൊപ്പം ബാറ്റിംഗ് നിരയിൽ ഒരു അപൂർവ്വ ചരിത്രം കൂടി കുറിച്ച് ടീം ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ മുൻപെങ്ങുമില്ലാത്ത വിധം ബാറ്റിംഗ് ഓർഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇടംകൈയൻ ബാറ്റർമാർ അണിനിരന്നു എന്നതാണ് ഈ പ്രത്യേകത.
അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസണ് പകരം ഇഷാൻ കിഷനാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ എത്തിയത്. അഭിഷേക് ശർമ്മ ആദ്യ ഓവറുകളിൽ തന്നെ പുറത്തായതോടെ ക്രീസിലെത്തിയത് തിലക് വർമ്മയായിരുന്നു. ഇതോടെ ടി20 ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയൻമാരായി മാറി. ടെസ്റ്റ് ക്രിക്കറ്റിലോ ടി20യിലോ ഇതിനുമുമ്പ് ഇത്തരമൊരു പരീക്ഷണം ഇന്ത്യ നടത്തിയിട്ടില്ല. ഏകദിനത്തിൽ 1990-കളിൽ രണ്ട് തവണ മാത്രമാണ് സമാനമായ രീതിയിൽ ടോപ്പ് ഓർഡറിൽ മൂന്ന് ഇടംകൈയൻമാർ ഇറങ്ങിയിട്ടുള്ളത്.
മറ്റൊരു കൗതുകകരമായ വസ്തുത, നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടി20 ലോകകപ്പിൽ രണ്ട് ഇടംകൈയൻ ബാറ്റർമാർ ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നത് എന്നതാണ്. 2012-ലെ ലോകകപ്പിൽ ഗൗതം ഗംഭീറും ഇർഫാൻ പഠാനും ഓപ്പൺ ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ-അഭിഷേക് ശർമ്മ സഖ്യം ആ ദൗത്യം ഏറ്റെടുക്കുന്നത്. അമേരിക്കൻ ബൗളർമാരെ നേരിടാൻ ഇന്ത്യ ഇറക്കിയ ഈ പുതിയ പരീക്ഷണം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

