ന്യൂഡൽഹി: കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി പച്ചക്കള്ളം പറയുകയാണെന്നും 2014 നും 2017 നും ഇടയിൽ ഇരുവരും തമ്മിൽ 62 തവണ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരിയും എപ്സ്റ്റീനും തമ്മിൽ 14 തവണ കൂടിക്കാഴ്ച നടത്തിയെന്നും ഇതിൽ 9 കൂടിക്കാഴ്ചകൾ 2014-ൽ മാത്രമാണ് നടന്നതെന്നും ഖേര അവകാശപ്പെട്ടു.
ഇരുവരും തമ്മിൽ നടന്ന 62 ഇമെയിൽ ഇടപാടുകളിൽ 32 എണ്ണം ഹർദീപ് പുരി അയച്ചതാണെന്നും 30 എണ്ണം എപ്സ്റ്റീന്റെ മറുപടിയാണെന്നും കോൺഗ്രസ് പറയുന്നു. സ്വകാര്യ പൗരനെന്ന നിലയിൽ എന്തിനാണ് ഗവൺമെന്റ് നയങ്ങളെക്കുറിച്ച് എപ്സ്റ്റീനുമായി ചർച്ച ചെയ്തതെന്ന് കോൺഗ്രസ് ചോദിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹർദീപ് സിംഗ് പുരി മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. പാർലമെന്റിന് അകത്തും പുറത്തും ഈ വിഷയം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

