മദ്യനയക്കേസ്: കെജ്‌രിവാളിനെയും സിസോദിയയെയും വെറുതെവിട്ടതിനെതിരെ സിബിഐ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി കെജ്‌രിവാളിനെയും സിസോദിയയെയും കേസിൽ നിന്നും ഒഴിവാക്കിയത് . എന്നാൽ ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് സിബിഐയുടെ വാദം.

മദ്യനയ രൂപീകരണത്തിൽ ഗൂഢാലോചന നടന്നതിനും അഴിമതിക്കും കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണ കോടതി ഇവ വേണ്ടവിധം പരിഗണിച്ചില്ലെന്നും സിബിഐ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിബിഐ നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, കെജ്‌രിവാളിനും സിസോദിയയ്ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസിൽ മറുപടി നൽകാൻ കോടതി ഇരുവർക്കും സമയം അനുവദിച്ചിട്ടുണ്ട്.

ഡൽഹിയിലെ പുതിയ മദ്യനയം നടപ്പിലാക്കിയതിൽ ക്രമക്കേട് നടന്നുവെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നുമാണ് സിബിഐയും ഇഡിയും ആരോപിക്കുന്നത്. ഈ കേസിൽ നേരത്തെ ഇരുവരും ജയിൽവാസം അനുഭവിച്ചിരുന്നു.വിചാരണ കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്യുമോ അതോ ശരിവെക്കുമോ എന്നത് വരും ദിവസങ്ങളിലെ വാദത്തിന് ശേഷം വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *