മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതി നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതി തങ്ങളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചിന്റെ നടപടികളെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നതിനെതിരെയാണ് കെജ്‌രിവാൾ ഹർജി നൽകിയിരിക്കുന്നത്.കേസിൽ നിഷ്പക്ഷവും നീതിയുക്തവുമായ വാദം കേൾക്കൽ നടക്കില്ലെന്ന ആശങ്കയുള്ളതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യമുന്നയിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കെജ്‌രിവാൾ കത്ത് നൽകിയിരുന്നെങ്കിലും, നിലവിലെ റോസ്റ്റർ പ്രകാരം അനുവദിച്ച ബെഞ്ചിൽ മാറ്റം വരുത്താൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

ഫെബ്രുവരി 27-ന് വിചാരണ കോടതി കെജ്‌രിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെയുള്ള 23 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐയുടെ കുറ്റപത്രം കോടതിയിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ഇതിനെതിരെ സിബിഐ നൽകിയ പുനഃപരിശോധനാ ഹർജിയിൽ, വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്ന് മാർച്ച് 9-ന് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തെയും കെജ്‌രിവാൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

കേസിൽ മറുപടി നൽകാൻ കെജ്‌രിവാളിനും മറ്റുള്ളവർക്കും ഹൈക്കോടതി ഏപ്രിൽ 6 വരെ സമയം അനുവദിച്ചിട്ടുണ്ട്. കെജ്‌രിവാളിന് പുറമെ മനീഷ് സിസോദിയയും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *