കൊച്ചി: ബഹിരാകാശ ഗവേഷണ മാതൃകയിലുള്ള റോവർ നിർമ്മാണം ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിന് ഇടപ്പള്ളി കൈറ്റ് ആർ.ആർ.സിയിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാമ്പിൽ സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 102 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന സാങ്കേതികവിദ്യക്ക് സമാനമായ വിദൂരനിയന്ത്രിത റോവറുകളുടെ നിർമ്മാണമാണ് ഇത്തവണത്തെ ക്യാമ്പിന്റെ പ്രധാന ആകർഷണം. എം.ക്യൂ.ടി.ടി പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ റോവറുകൾ മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഖനികൾ, മാൻഹോളുകൾ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കുട്ടികൾക്ക് പരിശീലനം നൽകും. ഇതിനായി കൈറ്റ് സ്കൂളുകൾക്ക് പുതുതായി നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ഉപയോഗിക്കുന്നത്. മൊബൈൽ ആപ്പ് നിർമ്മാണം, സ്മാർട്ട് എൽ.ഇ.ഡി തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമാണ്.
റോബോട്ടിക്സിന് പുറമെ ത്രിമാന അനിമേഷൻ രംഗത്തെ നൂതന സാധ്യതകളും ക്യാമ്പിൽ പരിചയപ്പെടുത്തുന്നുണ്ട്. ആഗോളതലത്തിൽ ശ്രദ്ധേയമായ ‘ബ്ലെൻഡർ’ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു പ്രൊമോ വീഡിയോ തയ്യാറാക്കുകയാണ് കുട്ടികൾക്ക് നൽകിയിട്ടുള്ള വെല്ലുവിളി. ഇതിലൂടെ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, സൗണ്ട് മിക്സിങ് തുടങ്ങിയ അനിമേഷൻ നിർമ്മാണത്തിന്റെ സൂക്ഷ്മതലങ്ങൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.
ക്യാമ്പിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10-ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് കുട്ടികളുമായി സംവദിക്കും. ജില്ലയിലെ സ്കൂളുകൾക്കുള്ള അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിക്കും

