വോട്ടെടുപ്പ് മാറ്റി വച്ച പായിംപാടം,മൂത്തേടം ഓണക്കൂര്‍, വിഴിഞ്ഞം വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് ജനുവരി 12 ന്

സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 13 ന് രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.

നിലവില്‍ സ്ഥാനാര്‍ഥിയായിരുന്നവര്‍ വീണ്ടും പത്രിക നല്‍കേണ്ടതില്ല. പുതുതായി പത്രിക സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഡിസംബര്‍ 26 നാണ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 29.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നേരത്തെ നോട്ടിസ് നല്‍കിയവര്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതുതായി നാമനിര്‍ദ്ദേശം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *