രാഘവൻ നായരുടെ വിരലുകൾ സ്മാർട്ട്ഫോണിന്റെ തണുത്ത സ്ഫടികപ്രതലത്തിൽ അലക്ഷ്യമായി ചലിച്ചുകൊണ്ടിരുന്നു. ജനാലയ്ക്കപ്പുറം തുലാവർഷം പെയ്തുതോർന്ന മണ്ണിൽ നിന്ന് ഒരു ഗന്ധം ഉയരുന്നുണ്ട്….
നനഞ്ഞ മണ്ണിന്റെയും മണ്ണടിഞ്ഞ ഇലകളുടെയും ആർദ്രമായ മിശ്രിതം. അത് അദ്ദേഹത്തിന്റെ മനസ്സിന്റെ ഉള്ളറകളിൽഒളിപ്പിച്ചിരുന്നഗൃഹാതുരത്വത്തെ മെല്ലെ ഉണർത്തി. …
പണ്ട് തന്റേയും രാധയുടേയും വിരലുകളിൽ തൂങ്ങി മുറ്റത്തെ മണലിൽ കുഞ്ഞുപാദങ്ങൾ പതിപ്പിച്ചു നടന്ന ഏക മകൻ,ആകാശിന്റെകിലുക്കാംപെട്ടിപോലെയുള്ള ചിരി കേട്ടിരുന്ന ആ കാതുകൾ, ഇപ്പോൾ സ്കൈപ്പിലെ യാന്ത്രികമായ റിംഗ്ടോണിനായിദാഹിച്ചുകാതോർത്തിരിക്കുകയാണ്….
തന്റെ പ്രാണന്റെ പാതിയായിരുന്ന രാധയുടെ വേർപാടിന് ശേഷം, വാർദ്ധക്യത്തിന്റെ ശാരീരിക അവശതകളേക്കാൾ രാഘവൻ നായരെ തളർത്തിയത് സ്ക്രീനിലെ ‘ഓൺലൈൻ’ എന്ന ആ പച്ചവെളിച്ചമായിരുന്നു. …ഡിജിറ്റൽ ലോകത്തെ ആ ചെറിയ വെളിച്ചം തെളിയുമ്പോൾ മാത്രം ജീവൻ വെക്കുന്ന ഒരുനിഴൽരൂപമായി ആകാശുമായുള്ള ബന്ധം ചുരുങ്ങിയിരിക്കുന്നു.
“ലോകം ഒരു ആഗോള ഗ്രാമമാണച്ഛാ… ദൂരങ്ങൾ വെറും അക്കങ്ങൾ മാത്രമാണ്,”
വിദേശത്തിരുന്ന് ആകാശ് എപ്പോഴും പറയുമായിരുന്നു.പക്ഷേ, പനിച്ചുവിറച്ച് ഏകാന്തതയുടെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയ കഴിഞ്ഞ രാത്രിയിൽ, തെളിച്ചമുള്ള സ്ക്രീനിലെ മകന്റെ മുഖത്തേക്കാൾ രാഘവൻ നായർ കൊതിച്ചത് നെറ്റിയിൽ തലോടുന്ന അവന്റെ ഒരു വിരൽസ്പർശമായിരുന്നു…….
അന്ന് വൈകുന്നേരം ആകാശ് വിളിച്ചു. കാറിൽ എങ്ങോട്ടോ തിരക്കിട്ട് പായുകയായിരുന്നു അവൻ.
“അച്ഛാ, അവിടെ മഴയുണ്ടോ? ഞാൻ അയച്ച സ്മാർട്ട് വാച്ച് കിട്ടിയോ?
അതൊന്ന് കയ്യിൽ കെട്ടണം കേട്ടോ. അച്ഛന്റെ ഹൃദയമിടിപ്പും ബി.പി.യും ഒക്കെ എനിക്ക് ഇവിടെയിരുന്ന് തത്സമയം കാണാം.”
മങ്ങിത്തുടങ്ങിയ കണ്ണുകളോടെ രാഘവൻ നായർ തന്റെ കൈത്തണ്ടയിലെ ആധുനിക യന്ത്രത്തിലേക്ക് നോക്കി.
“ഹൃദയമിടിപ്പിന്റെ എണ്ണം ഈ യന്ത്രം പറഞ്ഞുതരുമായിരിക്കും മകനേ… പക്ഷേ ആ ഹൃദയത്തിലെ സങ്കടത്തിന്റെ ഭാരം അളക്കാൻ ഇതിനാകുമോ?” എന്ന് ചോദിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. പക്ഷേ, ഒരു നെടുവീർപ്പിലൊതുക്കി അദ്ദേഹം വെറുതെ ചിരിച്ചു……
“പിന്നെ അച്ഛാ… അടുത്ത മാസം വരാമെന്ന് കരുതിയതാണ്, പക്ഷേ പ്രമോഷന്റെ തിരക്കാണ്. അച്ഛൻ തനിച്ചാണെന്ന പേടി വേണ്ട. വീടിന്റെ മുറ്റത്തും ഹാളിലും ഞാൻ പുതിയ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എനിക്കെപ്പോഴും അച്ഛനെ കാണാമല്ലോ.”
രാഘവൻ നായരുടെ മറുപടി കേൾക്കും മുൻപ് ആകാശ് ലോഗ് ഔട്ട് ചെയ്തു.
സംഭാഷണം മുറിഞ്ഞതോടെ ആ പഴയ ബംഗ്ലാവിന്റെ കനത്ത മൗനത്തിലേക്ക് അദ്ദേഹം വീണ്ടും ചുരുണ്ടു കൂടി. .
മുറ്റത്തെ സി.സി.ടി.വി ക്യാമറയുടെ ചുവന്ന വെളിച്ചം ഇരുട്ടിൽ ഒരു രാക്ഷസക്കണ്ണുപോലെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. താൻ ഒരു സ്നേഹവലയത്തിലല്ല, മറിച്ച് നിരീക്ഷണ വലയത്തിലാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു. ….
സാങ്കേതികവിദ്യ മനുഷ്യരെ ‘കണക്ട്’ ചെയ്തപ്പോൾ, ആത്മാക്കൾ തമ്മിലുള്ള ആ പഴയ ‘സ്പർശനം’ അന്യമായത് അവൻ അറിഞ്ഞതേയില്ല…..
പിറ്റേന്ന് പുലർച്ചെ, ആ ക്യാമറയുടെ ഡിജിറ്റൽ കണ്ണുകൾക്ക് മുന്നിലൂടെ ഒരു മഞ്ഞക്കിളി ചിറകടിച്ചു പറന്നുപോയി.
ചായ്പ്പിലെ ചാരുകസേരയിൽ രാഘവൻ നായർ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തല ഒരു വശത്തേക്ക് മെല്ലെ ചരിഞ്ഞിരുന്നു. കയ്യിലെ സ്മാർട്ട് വാച്ച് അപ്പോഴും ആകാശിന്റെ ഫോണിലേക്ക് അപായ സന്ദേശങ്ങൾ പ്രവഹിപ്പിക്കുന്നുണ്ടായിരുന്നു….
ആ ഹൃദയമിടിപ്പിന്റെ താളം
എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു എന്ന്!!!!
ദിവസങ്ങൾ കഴിഞ്ഞ് ആകാശ് ഓടിയെത്തിയപ്പോഴേക്കും വീട്ടിൽ സഞ്ചയന കർമ്മത്തിനുള്ള ഒരുക്കങ്ങളായിരുന്നു.
പൂമുഖത്ത് അച്ഛൻ ഇരുന്നിരുന്ന അതേ ചാരുകസേരയിൽ തളർന്നിരിക്കുമ്പോൾ ആകാശ് അറിയാതെ തന്റെ ഫോണിലെ സി.സി.ടി.വി ആപ്പ് തുറന്നു.
കഴിഞ്ഞ ദിവസങ്ങളിലെ ദൃശ്യങ്ങൾ അവൻ പിന്നിലേക്ക് ഓടിച്ചു നോക്കി. സ്ക്രീനിൽ തെളിഞ്ഞ ആ കാഴ്ച അവനെ ശ്വാസം മുട്ടിച്ചു…..
ഫോണിലെ ആകാശിന്റെ പഴയൊരു ഫോട്ടോയിൽ വിരലമർത്തി വാത്സല്യത്തോടെ ചുംബിക്കുന്ന അച്ഛൻ!
ആ ക്യാമറയ്ക്ക് അച്ഛന്റെ അവസാന ശ്വാസം പകർത്താനായി, പക്ഷേ ആ മനസ്സിന്റെ നിശബ്ദമായ തേങ്ങൽ കേൾക്കാനായില്ല…….
അച്ഛന്റെ മുറിയിലെ മേശപ്പുറത്ത് ഒരു ഡയറി തുറന്നു വെച്ചിട്ടുണ്ടായിരുന്നു. അതിലെ അവസാന വരികൾ അവന്റെ കണ്ണുകളെ ഈറനണിയിച്ചു:
മനുഷ്യർ വൈഫൈ തരംഗങ്ങളിലൂടെ ആകാശത്ത് മായാലോകങ്ങൾ പണിയുന്നു. പക്ഷേ, മണ്ണിൽ സ്വന്തം വേരുകൾ ഉണങ്ങുന്നത് അവർ കാണുന്നില്ല. എന്റെ ജീവൻ ഒരു ഡാറ്റയായി നിന്റെ ഫോണിലേക്ക് ഒഴുകുന്നുണ്ടാകാം. പക്ഷേ ആകാശേ… സ്നേഹം ഒരിക്കലും ഒരു നോട്ടിഫിക്കേഷൻ അല്ല… അതൊരു തലോടലാണ്.”
ആകാശ് വിറയ്ക്കുന്ന കൈകളോടെ തന്റെ കൈത്തണ്ടയിലെ സ്മാർട്ട് വാച്ച് അഴിച്ചു മാറ്റി. …..
ലോകത്തിന്റെ ഏത് കോണിലിരുന്നും ഒരാളെ നിയന്ത്രിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞേക്കാം, പക്ഷേ ഒരച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഒരു യന്ത്രങ്ങൾക്കും ആകില്ല എന്ന സത്യം ആ പഴയ തറവാടിന്റെ ഭിത്തികളിൽ തട്ടി വിങ്ങലായി പ്രതിധ്വനിച്ചു……..


