ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധങ്ങൾക്കിടെ ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിന് കൃത്യമായ നിർവചനം നൽകാനും ഈ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.ട്രാൻസ്ജെൻഡർ വ്യക്തികളെ കൃത്യമായി തിരിച്ചറിയുന്നതിനും അവർക്ക് അർഹമായ സംരക്ഷണം നൽകുന്നതിനും നിയമപരമായ ഒരു നിർവചനം അത്യാവശ്യമാണെന്ന് കേന്ദ്രം സഭയിൽ വ്യക്തമാക്കി.: ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അന്തസ്സിനെയും ഹനിക്കുന്നതാണ് ഈ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യക്തികൾക്ക് സ്വന്തം ലൈംഗിക സ്വത്വം (Gender Identity) സ്വയം തിരഞ്ഞെടുക്കാൻ അവകാശം നൽകിയ നിർണ്ണായകമായ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ചകൾ നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്ന് കോൺഗ്രസ് എംപി ജ്യോതിമണി പറഞ്ഞു. ഇത് ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള ബഹുമാനമില്ലായ്മയാണ് കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രാൻസ്ജെൻഡർ സാമൂഹ്യപ്രവർത്തകർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ബിൽ ഈ വിഭാഗത്തിന്റെ സ്വത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ബില്ലിലെ പല വ്യവസ്ഥകളും ട്രാൻസ്ജെൻഡർ വ്യക്തികളെ പാർശ്വവൽക്കരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യസഭയിലും ഈ ബിൽ ചർച്ചയ്ക്ക് വരും.
എതിർപ്പുകൾക്കിടെ ട്രാൻസ്ജെൻഡർ ബിൽ ലോക്സഭ പാസാക്കി

