ലോകമലയാളി കൗൺസിൽ ‘ആർദ്രം 2026’: തലസ്ഥാനം ഒരുങ്ങി; സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലിന്റെ (WMC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആർദ്രം 2026’ സംഗമത്തിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ വേദിയാകുന്നു. ഫെബ്രുവരി 25-ന് നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മഹോത്സവമായി മാറുന്ന ഈ പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴോളം പ്രമുഖ അഡ്വർടൈസ്‌മെന്റ് ബോർഡുകൾ ഇന്ന് സ്ഥാപിക്കുന്നതോടെ പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250-ലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കാൻ ഇതിനോടകം യാത്ര തിരിച്ചിട്ടുണ്ട്. ഗ്ലോബൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ നേരിട്ട് ക്രമീകരണങ്ങൾ നിരീക്ഷിക്കുമ്പോൾ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രധാന പരിപാടികൾ:

ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലോടെ പരിപാടികൾ ആരംഭിക്കും.

വൈകിട്ട് 5 മണിക്ക് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡ് ദാനവും നഴ്സിംഗ് സ്കോളർഷിപ്പ് വിതരണവും നടക്കും.

WMC വനിതാ ഫോറത്തിന്റെ ‘ഹോം ഫോർ ഹോംലെസ്സ്’ പദ്ധതിയുടെ ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും അന്നേ ദിവസം നടക്കും.

ഫെബ്രുവരി 26-ന് രാവിലെ 6.30-ന് വോക്കത്തോൺ സംഘടിപ്പിച്ചിട്ടുണ്ട്.

മന്ത്രിമാരായ ജി.ആർ. അനിൽ, ജെ. ചിഞ്ചുരാണി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, അഹമ്മദ് ദേവർകോവിൽ, അനൂപ് ജേക്കബ്, പി. ഉബൈദുള്ള, മുൻ മന്ത്രി കെ. മുരളീധരൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. നോർക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊല്ലശ്ശേരി, മലയാളം മിഷൻ ചെയർമാൻ മുരുകൻ കാട്ടാക്കട എന്നിവരും അതിഥികളായെത്തും. പ്രതിനിധികളെ സ്വീകരിക്കാൻ തിരുവനന്തപുരം ചാപ്റ്ററും പ്രൊവിൻസും സജ്ജമാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *