തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിപുലമായ ജീവകാരുണ്യ പദ്ധതിയായ ‘ആർദ്രം 2026’-ന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. നഴ്സിംഗ് വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുടെ ഒന്നാം ഘട്ട വിതരണമാണ് ഈ ചടങ്ങിലെ പ്രധാന ആകർഷണം.
ഫെബ്രുവരി 25 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ, വിവിധ സംസ്ഥാന മന്ത്രിമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ബൃഹദ് സംഗമം സേവനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. സ്കോളർഷിപ്പ് വിതരണത്തിന് പുറമെ, ഹെൽത്ത്കെയർ എക്സലൻസ് അവാർഡുകൾ, ഭവനരഹിതർക്കായി വനിതാ ഫോറം നടപ്പിലാക്കുന്ന ‘ഹോം ഫോർ ഹോംലെസ്സ്’ പദ്ധതിയുടെ ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കും.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ തുടങ്ങിയ ലോകമലയാളി കൗൺസിലിന്റെ ഗ്ലോബൽ, റീജിയണൽ നേതാക്കൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. പ്രവാസി മലയാളികളുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിനോടകം തലസ്ഥാന നഗരിയിൽ എത്തിയിട്ടുണ്ട്.

