ഏകാന്തചിന്തകൾ

ഒരുകൊച്ചുമോഹമെന്‍ ഹൃദയവനികയില്‍
തളിരിട്ടു നില്‍ക്കുന്നു കാലങ്ങളായിഞാന്‍
ഓമനിച്ചീടും ദിനം തോറുമേകാന്ത
വേളകളില്‍ മനസാനന്ദ തുന്ദില?
ഒരുജാതി ഒരുമതം ഒരുദൈവം മര്‍ത്യനെ-
ന്നമരനാം ഗുരുവര്യനരുളിയ സന്മന്ത്രം
ഒരുമാത്ര വൈകാതെ സഫമായീടിലോ
അവനിയിലാനന്ദം അദ്ദ്വൈത പൂരിതം

നന്‍മതന്‍ കൂടാരമാവേണ്ട മാനസം
തിന്‍മകളാല്‍ വിഷലിപ്തമായ് തീരുമ്പോള്‍
ഞാനെന്ന ഭാവമെന്റേതെന്ന ചിന്തയും
കൈകോര്‍ത്ത് നില്‍ക്കവേ കാട്ടാളഭാവമായ്
സ്‌നേഹമാം ശ്രീകോവിലാകും ഗൃഹങ്ങളില്‍
വേരിറക്കീടുന്നതാ സ്‌നേഹശൂന്യത
കോപതാപങ്ങളാല്‍ താണ്ഡവമാടി തന്‍
ഗേഹങ്ങളില്‍ കൊടുങ്കാറ്റു വിതക്കുവോര്‍

സത്വരജസ്തമസാകും ഗുണങ്ങളില്‍
ആകൃഷ്ടരായി തന്‍ ജീവിത നൗകയില്‍
ലക്ഷ്യമില്ലാതെത്തുഴഞ്ഞുപോയ് സംസാര
സാഗരമേകും ചുഴിയില്‍ കുടുങ്ങിടാം
മാനവജന്‍മം കൃ-
താര്‍ത്ഥമാക്കീടുവാന്‍
ആചാര്യനേകിയോരമൃതസൂക്തങ്ങളെ
ഉള്‍കൊണ്ടിടാതെ മനുജവംശം കൊടും
പാപഗര്‍ത്തത്തില്‍ നിപതിച്ചു പോയിടാം
ഞാനെന്ന വാക്കിന്‍ പൊരുളറിയാതവര്‍
അജ്ഞതയേകിയോരന്ധതയില്‍ സദാ
ആകെയുലഞ്ഞലഞ്ഞോടിതന്‍ജീവിതം
ആസുര തുല്യമായ് ആടിത്തിമിര്‍ത്തിടും

അന്തരാളത്തില്‍പ്രകാശമില്ലാതവര്‍
ജന്‍മജന്‍മാന്തര പാപഭാരം പേറി
കാലമൊരുക്കി വച്ചീടും കെണിയില-
കപ്പെട്ട്‌പോകാമഹം ബുദ്ധിയാലവര്‍
സ്വാര്‍ത്ഥൈക തല്‍പരന്‍മാരവര്‍ക്കീശ്വര
ചൈതന്യ ദര്‍ശനം കാണാകിനാവായി
മൃണ്‍മയമാകും പ്രപഞ്ച വ്യവഹാര
മൊന്നില്‍കുടുങ്ങി തന്‍ ജീവിതം വ്യര്‍ത്ഥമായ്

ഇന്ദ്രിയനിഗ്രഹമേതുമില്ലാതവര്‍
മായാഭ്രമത്താലവിവേകിയായുടന്‍
മോഹമാര്‍ന്നാത്മഹന്താക്കളായ്മാറിടാം
ദീപ്തി പുണരും പതംഗമായ് തീര്‍ന്നിടാം
ഒരുജാതിഒരുമതം ഒരുദൈവം മര്‍ത്യനെ-
ന്നമരഗീതം മന്നിലൊളിയായ് പരത്തിയ
ഗുരുവിന്‍ മഹദ്തത്വം സഫലമായീടിലോ
അവനിയിലാനന്ദം അദ്ദ്വൈത പൂരിതം
മന്വന്തരങ്ങളായ് മാമുനിസത്തമര്‍
മാനവര്‍ക്കേകിയ ജ്ഞാനതീര്‍ത്ഥങ്ങളില്‍
ഒന്നായിവര്‍ സ്‌നാന ശുദ്ധരായീടിലെന്‍
മോഹം സുഗന്ധപുഷ്പങ്ങളാല്‍ പൂരിതം

രജനി കാക്കശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *