തൃശൂര്‍: റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകള്‍ ഇന്നും ചൊവ്വാഴ്ചയുമായി നടക്കും.
കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ.പരിശോധനകള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ നേതൃത്വം നല്കും. തീ പിടിത്തത്തിനുള്ള യഥാര്‍ഥ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ പോലീസിന്റെയുംകൂടെ സഹായത്തോടെ നിര്‍വഹിക്കും.
നമ്പര്‍ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാല്‍ വാഹനങ്ങളുടെ ചേസ് നമ്പര്‍ പരിശോധിച്ച് രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തിവേണം കാലപ്പഴക്കം നിര്‍ണയിക്കാന്‍.മൂന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പര്‍ പരിശോധിക്കാന്‍ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനങ്ങള്‍ കത്തിനശിച്ചവരുടെ പരാതികള്‍ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാര്‍ഥ നഷ്ടം കണക്കാക്കാനാകൂ. തുടര്‍ന്ന് റെയില്‍വേ സാമഗ്രികളുടെ നഷ്ടവും റെയില്‍വേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടര്‍ന്നെന്നും പാര്‍ക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയില്‍വേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തില്‍ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയില്‍വേ ഇലക്ട്രിക് ലൈനില്‍നിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാര്‍ക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാര്‍ക്കിംഗ് കരാര്‍, പാര്‍ക്കിംഗ് ഏരിയായില്‍ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങള്‍, തീപിടിത്തം തടയാനായി ജീവനക്കാര്‍ക്കു പരിശീലനം നല്കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തിലാണിത്.
റെയില്‍വേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിര്‍മാണങ്ങള്‍ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താന്‍ കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്കു നോട്ടീസ് നല്കിയിട്ടുണ്ട്

