പൂവിതൾ മഞ്ഞിലൊളിച്ചുകളിച്ചു
നാണം കലർന്നൊരു വീണ
മീട്ടിയ പോൽ
തൊട്ടുണർത്തി പവിഴമല്ലിയാൽ
നീയെന്ന വാടിക്കരിഞ്ഞ
സൂര്യകാന്തിയെ വീണ്ടും പ്രണയിച്ച
വണ്ടിനെപ്പോൽ.
പിന്നെയൊരുത്തിരി മിന്നാ –
മിനുങ്ങിൻ്റെപൊന്നിളം
ശോഭയെനിക്കു തന്നിട്ടെന്നിൽ
നിന്നായിരംസൂര്യകോടി പ്രഭ
ചോദിച്ചു വാങ്ങി.
ഋതുവിനെ പ്രപഞ്ചത്തെയെനിക്കു
തന്നിട്ടുയിരാർന്ന സ്വപ്നങ്ങൾ
നീ പങ്കു വെച്ചു
വേനലിൽ വേദനയിലുറക്കത്തിൽ
നിന്നെന്നെ ആർദ്രമാം ഗാനത്തിൻ
പീലിയാലുഴിഞ്ഞുണർത്തി.
പിന്നെയോരോ ഓർമ്മകളെ
കടം ചോദിച്ചുണർത്തിയൊരുക്കി
കുന്നിമണികൾ മിഴിചിമ്മി
ചിതറിയ പോൽ
നോക്കൂയെൻ പ്രണയമേ നിറയുന്ന
നിലാവിൽ നിമിഷങ്ങളൊത്തിരി
പരിഭ്രാന്തിയോടെത്തി നോക്കിടുന്നു.
കാർമേഘമൊത്തിരി വേപഥു-
കുടിച്ചെങ്ങോ പേമാരി
തകർത്തെറിഞ്ഞുതരിപ്പണമാകുന്നു.
കുന്നിൻ നെറുകയിലൊരു
കരിംകൂമൻഒറ്റക്കു കരഞ്ഞു
തളർന്നുറങ്ങീടുന്നു.
പുകയുന്ന കാറ്റത്തിളകിയാടുന്നു
ഘോരമുള്ളു തറച്ചഗ്നിസർപ്പ
നൃത്തങ്ങൾ എങ്കിലും നിൽക്കൂയെൻ
പ്രണയമേ ,ഓടിക്കിതയ്ക്കേണ്ട
ഞാനുണ്ട് കൂടെ നിനക്കായ്
വേണ്ടുവോളം.


