പ്രണയബന്ധം എതിര്‍ത്തു;പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കടന്ന പ്രണയിതാക്കള്‍ കസ്റ്റഡിയില്‍,മരുഭൂമിയിലൂടെ നടന്നത് 50 കിലോമീറ്റര്‍

അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന രണ്ട് ദമ്പതികള്‍ കസ്റ്റഡിയില്‍. കഠിനമായ താര്‍ മരുഭൂമിയിലൂടെ അതിര്‍ത്തി കടന്നാണ് ഇവര്‍ ഗുജറാത്തിലെത്തിയത്. ബിഎസ്എഫ് നിരീക്ഷണം ശക്തമായ കച്ചിലെ രതന്‍പൂരിന് അടുത്തുള്ള മെറുഡോ ദങ്കര്‍ എന്ന ഇന്ത്യന്‍ ഗ്രാമത്തിലാണ് ഇവര്‍ എത്തിയത്. നാലാഴ്ചത്തെ ഇടവേളകളിലായാണ് സിന്ധ് പ്രവിശ്യയിലെ ഇസ്ലാംകോട്ട് ടെന്‍സിലിലെ ലാസ്‌റി ഗ്രാമത്തില്‍ നിന്ന് രണ്ട് ദമ്പതികള്‍ അതിര്‍ത്തി കടന്നെത്തിയത്.

ഒക്ടോബര്‍ 4-നാണ് താരാ രണ്‍മാല്‍ ചുടി, പൂജ കര്‍സന്‍ ചുടി എന്നിവര്‍ ആദ്യം അതിര്‍ത്തി കടന്നെത്തിയത്. രണ്‍മാല്‍ ചുടി പത്താന്‍ സ്യൂട്ടും പൂജ സല്‍വാറുമാണ് ധരിച്ചിരുന്നത്. രാത്രിയില്‍ രഹസ്യമായി യാത്ര തിരിച്ച ഇവര്‍ 50 കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടക്കാന്‍ മൂന്ന് ദിവസമെടുക്കുകയും റോട്ടിയും വെള്ളവും മാത്രം കഴിച്ചുമാണ് അതിര്‍ത്തി കടന്നെത്തിയത്. ഇതിന് ഒരു മാസത്തിനുശേഷം നവംബര്‍ 24-ന് പൊപത്കുമാര്‍ നാധുഭില്‍ (24), ഗൗരി ഗുലാബ് ഭില്‍ (20) എന്നിവരെത്തി. ഇവര്‍ ലാസ്‌റി ഗ്രാമത്തിന് തൊട്ടടുത്തുള്ള മൂഗാരിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. പൊപത്കുമാറിന്റെയും ഗൗരിയുടെയും കൈവശം 100 പാകിസ്ഥാനി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. തിരിച്ചറിയല്‍ രേഖകളുമില്ലായിരുന്നു.
പ്രണയവും അന്വേഷണവും

അതിര്‍ത്തി കടന്നെത്തിയവരെല്ലാം ഭില്‍ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. പ്രണയിതാക്കളായ ഇവര്‍ ബന്ധുക്കള്‍ കൂടിയാണ്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഒളിച്ചോട്ടത്തിന് കാരണം. വീട്ടുകാരുടെ എതിര്‍പ്പിനെ ഭയന്നാണ് നാടുവിട്ടതെന്നാണ് ഇവര്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. ലാസ്‌റി ഗ്രാമം അതിര്‍ത്തിയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ്. ലാസ്‌റിയിലെ കാലിവളര്‍ത്തുകാരില്‍ പലരും പശുക്കളെ തീറ്റാനായി അതിര്‍ത്തി കടക്കാറുണ്ട്. കഠിനമായ യാത്ര ചെയ്ത് ഇവര്‍ എന്തിനാണ് ഇന്ത്യയിലെത്തിയത് എന്നതിനെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിന്ധും കച്ചും കലര്‍ന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഭുജിലെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററിലേക്ക് കൊണ്ടുപോയേക്കും.

Leave a Reply

Your email address will not be published. Required fields are marked *