ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന എൽപിജി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളിൽ 10 കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാനാണ് പദ്ധതി. ഇത്തരത്തിൽ സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയ്ക്കുന്നതിലൂടെ പരമാവധി ആളുകളിലേക്ക് പാചകവാതകം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സർക്കാർ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയാൽ മാത്രമായിരിക്കും തീരുമാനം നടപ്പിലാകുക. 10 കിലോ ഗ്യാസ് നിറയ്ക്കുന്ന 14 കിലോയുടെ സിലിണ്ടറുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കും. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് വിലയിലും ആനുപാതികമായ കുറവ് വരുത്തും. നിലവിൽ ഒരു ഗാർഹിക സിലിണ്ടർ ശരാശരി 35 മുതൽ 40 ദിവസം വരെയാണ് ഉപയോഗിക്കുന്നത്.നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം നഗരപ്രദേശങ്ങളിൽ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും കഴിഞ്ഞിരിക്കണം.
പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് എൽപിജി എത്തിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ വിതരണത്തിലെ തടസ്സങ്ങൾ നീക്കാനും സർക്കാരിന് കഴിയുമെന്നാണ് വിലയിരുത്തൽ.

