ബ്രിസ്ബേൻ: ബ്രിസ്ബേൻ സിബിഡിയിലെ (CBD) എഡ്വേർഡ് സ്ട്രീറ്റിലുള്ള പ്രശസ്ത ആഡംബര ബ്രാൻഡായ ഹെർമസിന്റെ (Hermes) ഷോറൂമിൽ വൻ കവർച്ച. പുലർച്ചെ മൂന്ന് മണിയോടെ മെഴ്സിഡസ് എസ്യുവി ഉപയോഗിച്ച് ഷോറൂമിന്റെ മുൻഭാഗം ഇടിച്ചുതകർത്താണ് മോഷണം നടത്തിയത്. മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഡിസൈനർ ബാഗുകളും ആഭരണങ്ങളും തൊപ്പികളും കവർന്ന സംഘം ഉടൻ തന്നെ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
മോഷ്ടാക്കൾ ഉപയോഗിച്ച വെള്ള മെഴ്സിഡസ് എസ്യുവി ദിവസങ്ങൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി. ഷോറൂം തകർക്കാൻ ഉപയോഗിച്ച ഈ വാഹനം അവിടെത്തന്നെ ഉപേക്ഷിച്ച ശേഷം, മോഷ്ടിച്ച സാധനങ്ങളുമായി രണ്ട് ഗെറ്റവേ കാറുകളിലാണ് പ്രതികൾ കടന്നുകളഞ്ഞത്. അതിവേഗത്തിൽ പോയ ഈ കാറുകൾ ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചക്കാരിലൊരാളെ പിടികൂടുന്നതിന് തൊട്ടടുത്ത് വരെ പോലീസ് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കവർച്ച ചെയ്യപ്പെട്ട ഉൽപ്പന്നങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. മോഷ്ടിക്കപ്പെട്ട ചില ഹാൻഡ് ബാഗുകൾക്ക് മാത്രം 40,000 ഡോളറിലധികം വിലവരും. ഹെർമസ് ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ ആരെങ്കിലും ഓൺലൈൻ വഴിയോ മറ്റോ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

