ഓസ്‌ട്രേലിയയിൽ വിവാദമായി ലൈം ഡിസീസ്; മെഡിക്കൽ തർക്കം തുടരുന്നു, രോഗമില്ലെന്ന് സർക്കാർ,നരകിച്ച് രോഗികൾ

കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ, ബെല്ല ഹാഡിഡ് തുടങ്ങിയ പ്രശസ്തർ തങ്ങൾ ഈ രോഗബാധിതരാണെന്ന് വെളിപ്പെടുത്തിയതോടെ അന്താരാഷ്ട്രതലത്തിൽ ഇതിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.

എന്നാൽ, ഓസ്‌ട്രേലിയൻ മണ്ണിൽ ഇത്തരമൊരു രോഗമില്ലെന്ന കർശന നിലപാടിലാണ് ഫെഡറൽ സർക്കാർ ഇപ്പോഴും തുടരുന്നത്. ഓസ്‌ട്രേലിയയിലെ മൃഗങ്ങളിലോ ഉണ്ണികളിലോ ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് സർക്കാരിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സെനറ്റ് അന്വേഷണങ്ങൾ നടന്നിട്ടും ഔദ്യോഗിക നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

അതേസമയം, രാജ്യത്തെ നൂറുകണക്കിന് രോഗികൾ തങ്ങൾ ഈ രോഗത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ശരീരം തളർത്തുന്ന വേദനയും മറ്റ് അസ്വസ്ഥതകളുമായി നരകതുല്യമായ ജീവിതമാണ് തങ്ങൾ നയിക്കുന്നതെന്ന് ഇവർ പറയുന്നു. രോഗമുണ്ടെന്ന് സർക്കാർ അംഗീകരിക്കാത്തതിനാൽ കൃത്യമായ ചികിത്സയോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാത്തത് ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഓസ്‌ട്രേലിയൻ മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ തർക്കവിഷയമായി ലൈം ഡിസീസ് ഇപ്പോഴും തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *