ഭാഷ, സമൂഹം, കൂടിച്ചേരല്‍, മലയാളീപത്രം മ ഫെസ്റ്റ് സ്വാഗതം ചെയ്യുന്നു

അനാദിയില്‍ മനുഷ്യന്‍ അസ്ഥിത്വത്തിലേക്ക് പ്രവേശിച്ചുവെന്നാണ് വിശ്വാസം. ഭൌതിക തലങ്ങള്‍ക്കപ്പുറത്ത്, വിശ്വാസങ്ങള്‍ മാനുഷിക പരിണാമങ്ങള്‍ക്ക് വിധേയമായി. അങ്ങനെ മനുഷ്യന്റെ ചിന്താ മണ്ഡലം രൂപപ്പെട്ടു. കാലാനുസൃതമായി സംഭവിക്കുന്നതാണെങ്കിലും ഈ പരിണാമ പ്രക്രിയയ്ക്ക് കാരണമായത് ഭാഷയാണ്. ഭാഷ ഒരു സംസ്‌കാരമാണ്. ആത്മനൈവേദ്യമായി മനുഷ്യന് വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ഭാഷ രംഗ വേദിയായി.

ഭാഷയുടെ നൈര്‍മല്യവും വൈരൂപ്യമുള്‍ക്കൊണ്ടുതന്നെ ജീവിതത്തിന്റെ സമുന്നതമായ അവസ്ഥയിലേക്ക് ഓരോ വ്യക്തിയും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനായി ഒരു വ്യക്തിയുടെ സാമുഹിക സാംസ്‌കാരിക സാഹചര്യങ്ങള്‍ ക്രോഡീകരിക്കാനും വികസിപ്പിക്കാനും ഭാഷ അവന് പൈതൃകമായി ലഭിക്കുന്നു. സമൂഹത്തോട് സംവദിക്കാനുള്ള ഏറ്റവും ഉദാത്തമായ മാര്‍ഗമാണ് ജന്മനാ ഭാഷയിലൂടെ ലഭിക്കുന്നത്. സാമുഹിക പരിണാമം തന്നെ ഭാഷയിലൂടെ സംഭവിച്ചു. മലയാളം എന്ന ഭാഷയിലൂടെ മനുഷ്യന്‍ എല്ലാകാലവും കാലാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പദയാത്ര നടത്തികൊണ്ടേയിരിക്കുന്നു. ആ പുറപ്പാടില്‍ അനുഭവിച്ച് തീര്‍ക്കുന്ന ജീവിതത്തിന്റെ ഓരോ രംഗങ്ങളും, പിന്നിടുന്ന ഓരോ കാല്‍പ്പാടുകളിലും അമ്മ മലയാളം പാല്‍മണം ചുരത്തുന്നു. പാരമ്പര്യത്തിന്റെയും പൌരാണികതയുടേയും പത്മവ്യൂഹങ്ങള്‍ക്ക് അപ്പുറത്ത്, കാലം എത്രമേല്‍ വികസിച്ചാലും പരിണാമം നവയുഗങ്ങളിലേക്ക് പടര്‍ന്നാലും , ആശയവും സമ്പര്‍ക്കവും എത്രമേല്‍ വികസിച്ചാലും എത്ര കൃത്രിമ ബുദ്ധി വികസനമുണ്ടായാലും. സമൂഹം എന്ന കൂടിച്ചേരലുകളെ ചേര്‍ത്തുവയ്ക്കുന്നത് ഭാഷയാണ്. നമ്മള്‍ മലയാളികള്‍ക്ക് അത് മാതൃഭാഷയാണ്.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ നമ്മള്‍ മലയാളികളെ അടിസ്ഥാനപരമായി ബന്ധിപ്പിക്കുന്ന ത്വര, അത് നമ്മുടെ ഭാഷയാണ്.. മലയാളമാണ്. ഭാഷയുടെ ഡിഎന്‍എയില്‍ നാം ഓരോരുത്തരും ചുറ്റിപുണര്‍ന്ന് കിടക്കുന്നു.നമുക്ക് ചുറ്റും വമിക്കാന്‍ ശ്രമിക്കുന്ന ദുര്‍ഗന്ധങ്ങളെ മാറ്റി, മറ്റൊരു തലത്തിലുണ്ടാകുന്ന സൌഗന്ധികങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മലയാളിക്ക് , മലയാളത്തിലൂടെ കഴിയുന്നു..

ഭാഷ കൂടുതല്‍ കരുത്തോടെ,നമ്മളില്‍ നിന്ന് പുതുതലമുറയിലേക്ക് പടരുന്നു.. പ്രിയപ്പെട്ട ബെന്യമിന്‍ പറയുന്നതുപോലെ, ഭൂഖണ്ഡാന്തര യാത്ര നടത്തുന്ന മലയാള ഭാഷ , അത് നമ്മളെ ഒരു സംസ്‌കൃതിയിലേക്കും കാലഘട്ടത്തിലേക്കും പുതിയ അര്‍ത്ഥ തലങ്ങളിലേക്കും കൊണ്ടുപോവുകയാണ്.പരിണാമങ്ങളിലൂടെ.. നമ്മളിലൂടെ… അങ്ങനെ പോവുന്ന മലയാളി ലോകത്തെവിടെയും കാലാദേശാതിര്‍ത്തികള്‍ക്കപ്പുറത്ത് സാമുഹിക സാസം്കാരിക പരിഷ്‌കരണങ്ങളോട് കൂടിച്ചേരണമെന്നും ഇടപെടണമെന്നും മലയാളിപത്രം ആഗ്രഹിക്കുന്നു. പതിനഞ്ചാം വാര്‍ഷികത്തില്‍ മലയാളി പത്രമൊരുക്കുന്ന ഈ അക്ഷരോത്സവത്തിലൂടെ മലയാളിയെ ഉത്തമാരാകാനും തത്വദീക്ഷയുള്ള പൌരന്മാരാകാനും പ്രേരിപ്പിക്കുകയാണ് .’മാ’ ഫെസ്‌ററിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Leave a Reply

Your email address will not be published. Required fields are marked *