ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനാകുന്ന ‘ജനനായകന്‍’ എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റലുകളുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡിന്‍റെ അപ്പീലും സിനിമയുടെ നിര്‍മാതാക്കളുടെ വാദങ്ങളും വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
സിനിമയില്‍ നിലവിലെ തമിഴ്നാട് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കോടതി പരിശോധിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.
സിനിമയുടെ ക്ലിപ്പുകള്‍ പരിശോധിച്ച കോടതി, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ന്യായമാണോ എന്ന് പരിശോധിച്ച ശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ രൂപീകരിച്ച ശേഷം പുറത്തിറങ്ങുന്ന സിനിമയായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങളും ഈ വിധിക്കായി ഉറ്റുനോക്കുകയാണ്.

