ശതോത്തര സുവര്‍ണ്ണ ജൂബിലി നിറവില്‍ മഹാരാജാസ്; തലമുറകളുടെ അപൂര്‍വ്വ സംഗമവേദിയായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കാലം മായ്ക്കാത്ത ഓര്‍മ്മകളും, മായാത്ത കലാലയ സ്‌നേഹവുമായി അവര്‍ വീണ്ടുമെത്തി. മഹാരാജാസ് കോളേജിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി (150-ാം വാര്‍ഷികം) ആഘോഷങ്ങളുടെ നിറവില്‍, മലയാള വിഭാഗം സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തലമുറകളുടെ അപൂര്‍വ്വ സംഗമവേദിയായി.

ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നടന്ന ചടങ്ങ്, മഹാരാജാസിന്റെ ചരിത്രത്തിലെ തന്നെ വേറിട്ടൊരു അധ്യായമായി മാറി. 1925-ല്‍ മലയാള വിഭാഗം പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന തലമുറ മുതല്‍, ഇക്കഴിഞ്ഞ അധ്യയന വര്‍ഷം പഠിച്ചിറങ്ങിയ ഏറ്റവും പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്‌നേഹസംഗമത്തിന്റെ ഭാഗമായി എന്നത് ചടങ്ങിന് മാറ്റുകൂട്ടി.

പഴയകാല സ്മരണകള്‍ പങ്കുവെക്കുന്നതിനിടെ 1958-61 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുരളീധരന്‍ വേദിയില്‍ വികാരഭരിതനായി. എ.കെ. ആന്റണി, വയലാര്‍ രവി, ടി.വി.ആര്‍. ഷേണായി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമുള്ള കലാലയ ജീവിതവും സൗഹൃദവും അദ്ദേഹം ഓര്‍ത്തെടുത്തപ്പോള്‍ സദസ്സ് മുഴുവന്‍ ആ പഴയ കാലഘട്ടത്തിലേക്ക് തിരികെ നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും പിന്നീട് ഇതേ വിഭാഗത്തിലെ അധ്യാപകനുമായിരുന്ന ഡോ. ജോര്‍ജ് ഇരുമ്പയം, എം.കെ. ശശീന്ദ്രന്‍, ആര്‍.കെ. ദാമോദരന്‍, എം.വി. ബെന്നി, ഡോ. ടി.എസ്. ജോയ് തുടങ്ങിയ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തെക്കുറിച്ചും മലയാളം ക്ലാസ്സിലെ അനുഭവങ്ങളെക്കുറിച്ചും അവര്‍ വാചാലരായി.

ശിഷ്യരെ കാണാനും അനുഗ്രഹിക്കാനും പഴയകാല അധ്യാപകരും എത്തിയിരുന്നു. റിട്ടയേര്‍ഡ് അധ്യാപകരായ ഡോ. ധനലക്ഷ്മി ടീച്ചര്‍, ബാബുജി സാര്‍, മാര്‍ഗററ്റ് ജോര്‍ജ്, പി. രമാദേവി, സില്‍വിക്കുട്ടി ജോസഫ്, എസ്. ജോസഫ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഗൃഹാതുരത്വത്തിന്റെ മധുരം പകര്‍ന്നു. പ്രിയപ്പെട്ട ഗുരുക്കന്മാരെ കണ്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

ഇംഗ്ലീഷ് മെയിന്‍ ഹാളിന്റെ പ്രൗഢമായ അന്തരീക്ഷത്തില്‍ പഴയ തമാശകളും, ക്ലാസ് കട്ട് ചെയ്ത കഥകളും, കാമ്പസ് പ്രണയങ്ങളും വീണ്ടും ചര്‍ച്ചയായി. സൗഹൃദത്തിന്റെ മധുരം പങ്കിട്ടും, വരും കാലങ്ങളിലും ഈ കൂട്ടായ്മ നിലനിര്‍ത്തുമെന്ന ഉറപ്പു നല്‍കിയുമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പടിയിറങ്ങിയത്.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി.എന്‍. പ്രകാശ് അധ്യക്ഷനായ ചടങ്ങില്‍ വകുപ്പ് അധ്യക്ഷ ഡോ സുമി ജോയി ഒലിയപ്പുറം, കോളേജ് ഗവേര്‍ണിംഗ് ബോഡി അംഗം ഡോ. എം എസ് മുരളി, അലൂമിനി അസോസിയേഷന്‍ കോഡിനേറ്റര്‍ സിമി കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *