വാഷിങ്ടന്‍: ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന എച്ച1ബി വീസകളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി ഇന്ത്യന്‍ അമേരിക്കന്‍ നയതന്ത്രജ്ഞയായ മഹ്‌വശ് സിദ്ദിഖി ആരോപിച്ചു. ഇവര്‍ നേരത്തെ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുലര്‍ ഓഫീസറായിരുന്നു. യുഎസിലെത്തിയിരിക്കുന്ന ഇന്ത്യക്കാരില്‍ 90 ശതമാനം വരെയുള്ളവരുടെയും വീസകള്‍ തട്ടിപ്പിലൂടെ നേടിയതാണെന്നും ഇവയില്‍ മഹാഭൂരിപക്ഷവും എച്ച്1ബി വീസകളാണെന്നും അവര്‍ ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വീസ പ്രോസസിങ് കേന്ദ്രങ്ങളിലൊന്നാണ് ചെന്നെയിലെ യുഎസിന്റെ കോണ്‍സുലേറ്റ്. 2024ല്‍ മാത്രം 2.2 ലക്ഷം എച്ച്1ബി വീസകളും 1.4 ലക്ഷം എച്ച4 വീസകളും ഇവിടെ തീര്‍പ്പാക്കിയിട്ടുണ്ട്. വ്യാജ ബിരുദങ്ങള്‍, വ്യാജ രേഖകള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഇന്റര്‍വ്യു ചെയ്യുന്നയാള്‍ അമേരിക്കക്കാരനാണെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ അഭിമുഖം തന്നെ ഒഴിവാക്കുന്ന പ്രവണതയുണ്ട്. ആള്‍മാറാട്ടം നടത്തി അഭിമുഖത്തിനു ഹാജരാകുന്നവരുമുണ്ട്. ഇന്ത്യന്‍ മാനേജര്‍മാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങി വീസ പാസാക്കി കൊടുക്കുന്നത് സാധാരണമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചെന്നൈയില്‍ താന്‍ കോണ്‍സുലര്‍ ഓഫീസറായിരുന്ന കാലത്ത് ഈ തട്ടിപ്പ് കണ്ടെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നതാണെങ്കിലും തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. രാഷ്ട്രീയ സമ്മര്‍ദമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്. നിരവധി രാഷ്ട്രീയക്കാര്‍ കൂടി ഇടപെട്ടാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയില്‍ തട്ടിപ്പും കൈക്കൂലിയും സര്‍വസാധാരണമാണെന്നും അവര്‍ അവകാശപ്പെട്ടു.

