സിഡ്‌നി: ഓസ്‌ട്രേലിയയിലെ 14 ദശലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ബാധിക്കുന്ന വിധത്തിൽ സൂപ്പർഅനുവേഷൻ (പെൻഷൻ ഫണ്ട്) നിക്ഷേപ രീതിയിൽ വൻ പരിഷ്‌കാരങ്ങൾ വരുന്നു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളത്തോടൊപ്പം തന്നെ സൂപ്പർഅനുവേഷൻ തുകയും അടയ്ക്കേണ്ടതുണ്ട്. നിലവിൽ ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് (ത്രൈമാസ അടിസ്ഥാനത്തിൽ) ഈ തുക നിക്ഷേപിച്ചിരുന്നത്.
പുതിയ മാറ്റം അനുസരിച്ച്, ശമ്പളം നൽകി ഏഴ് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ സൂപ്പർ തുക ജീവനക്കാരന്റെ ഫണ്ടിൽ എത്തിയിരിക്കണം. തുക വൈകിപ്പിക്കുകയാണെങ്കിൽ കുടിശ്ശികയുടെ 60 ശതമാനം വരെ പിഴയും പലിശയും തൊഴിലുടമകൾ ഒടുക്കേണ്ടി വരും. നിക്ഷേപം നേരത്തെ ഫണ്ടിലെത്തുന്നത് വഴി വിരമിക്കൽ കാലത്ത് ജീവനക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന്, 25 വയസ്സുള്ള ഒരു ഉദ്യോഗാർത്ഥിക്ക് ത്രൈമാസത്തിന് പകരം രണ്ടാഴ്ച കൂടുമ്പോൾ സൂപ്പർ തുക ലഭിക്കുന്നത് വഴി വിരമിക്കുമ്പോൾ ഏകദേശം 4300 ഡോളർ അധികമായി ലഭിക്കും.
എന്നാൽ, ഈ മാറ്റത്തെക്കുറിച്ച് രാജ്യത്തെ 58 ശതമാനം തൊഴിലുടമകളും ഇപ്പോഴും ബോധവാന്മാരല്ലെന്ന് എംപ്ലോയ്‌മെന്റ് ഹീറോ സൂപ്പർഅനുവേഷൻ ജനറൽ മാനേജർ റോബ് ഡൺ പറഞ്ഞു. ചെറുകിട ബിസിനസ്സ് ഉടമകൾക്ക് പുതിയ രീതിയിലേക്ക് മാറുന്നത് പണമൊഴുക്കിനെ (Cash flow) ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. കൃത്യസമയത്ത് തുക അടയ്ക്കുന്നതിനായി ആധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാൻ ബിസിനസ്സ് സ്ഥാപനങ്ങൾ തയ്യാറെടുക്കുകയാണ്.
ഓരോ ശമ്പള ദിനത്തിലും തങ്ങളുടെ ശമ്പളത്തിന്റെ 12 ശതമാനം സൂപ്പർ ഫണ്ടിലേക്ക് പോകുന്നുണ്ടെന്ന് ജീവനക്കാർ ഉറപ്പുവരുത്തണം. കൃത്യമായ തുക കണക്കാക്കാൻ ഓസ്‌ട്രേലിയൻ ടാക്‌സ് ഓഫീസിന്റെ (ATO) വെബ്‌സൈറ്റിലെ ടൂൾ ഉപയോഗിക്കാവുന്നതാണ്. തുക ലഭിക്കുന്നില്ലെങ്കിൽ തൊഴിലുടമയുമായി സംസാരിക്കണമെന്നും പരിഹാരമായില്ലെങ്കിൽ എ.ടി.ഒയിൽ പരാതി നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു

