തൃശൂര്‍: റെയില്‍വേ സ്റ്റേഷന് പാര്‍ക്കിങ് ഏരിയയില്‍ വന്‍ തീപിടിത്തം.ബൈക്ക് പാര്‍ക്കിങ് ഭാഗത്താണ് തീപിടിത്തമുണ്ടായത്.നൂറുകണക്കിന് ബൈക്കുകള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ ആണ് തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.500ലധികം വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിച്ച് ബൈക്കുകള്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നിരുന്നു
രാവിലെ 6.45 ഓടെ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകള്‍ക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങള്‍. ഇലക്ട്രിക് സ്കൂട്ടറിനാണ് ആദ്യം തീപിടിച്ചതെന്നും പറയപ്പെടുന്നു. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും അവിടെ നിര്‍ത്തിയിട്ടിരുന്ന ഇന്സ്പെക്ഷന് വാഹനവും കത്തി നശിച്ചു.
തൃശൂര്‍, ഒല്ലൂര്‍ തുടങ്ങിയ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് അപകടത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപിടുത്തം അതീവ ഗൗരവത്തോടെ കാണണമെന്നും കേന്ദ്രമന്ത്രി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.
നിലവില്‍ തീ നിയന്ത്രണ വിധേയമാണെങ്കിലും പാര്‍ക്കിങ് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. തീ ആളിപ്പടര്‍ന്നതോടെ തകര ഷീറ്റ് മേഞ്ഞ ഷെഡ് പൂര്‍ണമായും അമര്‍ന്ന നിലയിലാണ്.തീ ആളിപ്പടര്‍ന്ന സമയത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി

