ബംഗ്ലാദേശ് സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണി; തന്ത്രപ്രധാന തസ്തികകളിൽ പുതിയ നിയമനം

ധാക്ക: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണി. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (സിജിഎസ്), സൈനിക രഹസ്യാന്വേഷണ വിഭാഗം (ഡിജിഎഫ്ഐ) തുടങ്ങി പ്രതിരോധ രംഗത്തെ അതിപ്രധാനമായ തസ്തികകളിലാണ് മാറ്റങ്ങൾ വരുത്തിയത്.

ലഫ്റ്റനന്റ് ജനറൽ എം. മൈനൂർ റഹ്മാനാണ് പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫ്. വിരമിച്ച ലഫ്റ്റനന്റ് ജനറൽ മിസാനൂർ റഹ്മാൻ ഷമീമിന് പകരമാണിത്. സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഡിജിഎഫ്ഐയുടെ ഡയറക്ടർ ജനറലായി മേജർ ജനറൽ കൈസർ റഷീദ് ചൗധരിയെ നിയമിച്ചു.

ലഫ്റ്റനന്റ് ജനറൽ മിർ മുഷ്ഫിഖുർ റഹ്മാൻ പുതിയ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി ചുമതലയേൽക്കും. ലഫ്റ്റനന്റ് ജനറൽ എസ്.എം. കമ്രുൽ ഹസനെ സ്ഥാനത്തുനിന്ന് നീക്കി വിദേശകാര്യ മന്ത്രാലയത്തിൽ അംബാസഡറായി നിയമിച്ചു.

ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ ഡിഫൻസ് അഡ്വൈസറായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസൂർ റഹ്മാന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകി 55-ാം ഇൻഫൻട്രി ഡിവിഷൻ ജിഒസി ആയി നിയമിച്ചു.

ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) വൻ ഭൂരിപക്ഷം നേടുകയും ഫെബ്രുവരി 17-ന് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ സൈന്യത്തിൽ ഇത്രയും വലിയ മാറ്റങ്ങൾ വരുത്തിയത് ഭരണപരമായ വേഗതയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ പുനഃക്രമീകരിക്കാനും സുരക്ഷാ ഏജൻസികളിൽ പുതിയ നേതൃത്വത്തെ കൊണ്ടുവരാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ തന്ത്രപ്രധാനമായ ഇന്റലിജൻസ് വിഭാഗങ്ങളിലും ഇൻഫൻട്രി ഡിവിഷനുകളിലും പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *