എൻഡിഎ മുന്നണിയിൽ ചേരാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ ട്വന്റി 20-യിൽ വൻ അംഗസംഖ്യയുള്ള കൂട്ടരാജി. മുതലമട പഞ്ചായത്ത് മുൻ പ്രസിഡന്റ് കല്പന ദേവിയുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകരാണ് പാർട്ടി വിട്ടത്. മുതലമടയ്ക്ക് പുറമെ നെന്മാറ, നെല്ലിയാമ്പതി മേഖലകളിലും നിരവധി പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുതലമടയിൽ ചേർന്ന പ്രത്യേക യോഗത്തിന് ശേഷമാണ് പ്രവർത്തകർ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനക്ഷേമപ്രവർത്തനങ്ങൾക്കായി സ്വതന്ത്രമായി നിലകൊള്ളുന്നതാണ് നല്ലതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടി വിട്ടവർ ഇനിമുതൽ ‘ജനകീയ വികസന സമിതി’ എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടനയായി പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് പാർട്ടിയിൽ കൃത്യമായ കൂടിയാലോചനകൾ നടത്താതെയാണ് എൻഡിഎ ഘടകകക്ഷിയാകാനുള്ള തീരുമാനമെടുത്തതെന്ന് രാജിവെച്ച നേതാക്കൾ കുറ്റപ്പെടുത്തി. നേരത്തെ എറണാകുളം ജില്ലയിലും സമാനമായ രീതിയിൽ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാലക്കാടും പാർട്ടിയിൽ പിളർപ്പുണ്ടായിരിക്കുന്നത്.

