കാൻബറ: ഓസ്ട്രേലിയൻ ഫെഡറൽ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ പ്രവചിച്ച് പുതിയ പോളിംഗ് ഫലങ്ങൾ പുറത്ത്. ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്കും പ്രതിപക്ഷ സഖ്യത്തിനും ഒരുപോലെ ഭീഷണിയുയർത്തി പൗളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടി ജനപിന്തുണയിൽ വൻ മുന്നേറ്റം നടത്തുന്നതായാണ് ഏറ്റവും പുതിയ ‘റിസോൾവ് പൊളിറ്റിക്കൽ മോണിറ്റർ’ സർവ്വേ വ്യക്തമാക്കുന്നത്.
മാർച്ച് 9 മുതൽ 14 വരെ നടത്തിയ സർവ്വേയിൽ വൺ നേഷൻ പാർട്ടിയുടെ വോട്ട് വിഹിതം 24 ശതമാനമായി ഉയർന്നു. ഇതോടെ മുഖ്യ പ്രതിപക്ഷമായ കോളിഷനെ (22%) പിന്നിലാക്കാൻ അവർക്ക് സാധിച്ചു. മുൻ നാഷണൽസ് നേതാവ് ബാർണബി ജോയ്സ് പൗളിൻ ഹാൻസനൊപ്പം ചേർന്നതാണ് പാർട്ടിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്രിസ്മസ് വേളയിൽ വെറും 16 ശതമാനമായിരുന്ന ഇവരുടെ പിന്തുണയാണ് ഇപ്പോൾ കുതിച്ചുയർന്നിരിക്കുന്നത്.
ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പിന്തുണ ഫെബ്രുവരിയിലെ 31 ശതമാനത്തിൽ നിന്നും 29 ശതമാനമായി കുറഞ്ഞു. പ്രതിപക്ഷ നിരയിൽ ആംഗസ് ടെയ്ലർ പുതിയ നേതാവായി ചുമതലയേറ്റെങ്കിലും സഖ്യകക്ഷികളുടെ വോട്ട് വിഹിതം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 22 ശതമാനത്തിലേക്ക് വീണു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർക്കാണ് കൂടുതൽ യോഗ്യത എന്ന ചോദ്യത്തിൽ ആന്റണി ആൽബനീസിന് ഇപ്പോഴും മുൻതൂക്കമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതി 37-ൽ നിന്ന് 35 ശതമാനമായി കുറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലർ 31 ശതമാനം പിന്തുണയുമായി ആൽബനീസിന് തൊട്ടുപിന്നിലുണ്ട്.
വർദ്ധിച്ചു വരുന്ന ജീവിതച്ചെലവാണ് വോട്ടർമാരെ ഭരണ-പ്രതിപക്ഷ പാർട്ടികളിൽ നിന്ന് അകറ്റുന്നതെന്ന് പോളിംഗ് വിദഗ്ധർ വിലയിരുത്തുന്നു.സർവ്വേയിൽ പങ്കെടുത്ത 43 ശതമാനം പേരും ജീവിതച്ചെലവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാണിച്ചത്. മധ്യപൂർവ്വേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഭ്യന്തര രാഷ്ട്രീയത്തിലെ അസ്ഥിരതയും വോട്ടർമാരുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്.

