മുംബൈ/ന്യൂഡൽഹി: റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പാവ കാറുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ജനത്തിരക്കേറിയ ഇടങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
മുസാബ് അഹമ്മദ്, മുഹമ്മദ് ഹമദ് കൊല്ലാര എന്നിവരാണ് പിടിയിലായത്. ഇവർക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളായ ഐഎസ് (ISIS), ജെയ്‌ഷെ മുഹമ്മദ് (Jaish-e-Mohammed) എന്നിവയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.പാവ കാറുകൾക്കുള്ളിൽ ഐഇഡി (IED) സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് റിമോട്ട് വഴി നിയന്ത്രിച്ച് പൊട്ടിത്തെറി നടത്താനായിരുന്നു ഇവരുടെ നീക്കം. സുരക്ഷാ പരിശോധനകൾ എളുപ്പത്തിൽ വെട്ടിച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് ഇത്തരം വാഹനങ്ങൾ എത്തിക്കാൻ കഴിയുമെന്നതിനാലാണ് ഈ രീതി തിരഞ്ഞെടുത്തത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികളുമായി പ്രതികൾക്ക് നിരന്തരമായ ഡിജിറ്റൽ ബന്ധമുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇവർ ബോംബ് നിർമ്മാണത്തിന് മുതിർന്നത്.ഇവരുടെ ഒളിത്താവളങ്ങളിൽ നിന്ന് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുപയോഗിക്കുന്ന സാധനങ്ങൾ, റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകൾ എന്നിവ കണ്ടെടുത്തു.
ഡൽഹിയിലെയും മുംബൈയിലെയും പ്രധാന കേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. ഇവരെ സഹായിച്ചിരുന്ന കൂടുതൽ ആളുകൾക്കായി വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ തുടരുകയാണ്. രാജ്യവ്യാപകമായി സുരക്ഷാ ജാഗ്രത ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

