തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ പുതിയ മെത്രാന്‍മാരായി കുറിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹാനോന്‍ മാര്‍ അലക്‌സിയോസും അഭിഷിക്തരായി. കുര്യാക്കോസ് തടത്തില്‍ റമ്പാന്‍, ഡോ. യൂഹാനോന്‍ കുറ്റിയില്‍ റമ്പാന്‍ എന്നിവരാണ് പുതിയ മെത്രാന്‍മാരായി സ്ഥാനമേറ്റത്. ഇവരില്‍ യൂഹോനോന്‍ മാര്‍ അലക്‌സിയോസ് തിരുവനന്തപുരം അതിരൂപതയുടെ സഹായ മെത്രാനാകും. കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസ് സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമാകും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഇതു സംബന്ധിച്ച് നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ മറ്റു ബിഷപ്പുമാരും മറ്റു സഭകളിലെ മുപ്പതോളം ബിഷപ്പുമാരും പങ്കെടുത്തു. ശുശ്രൂഷാ മധ്യേ മുഖ്യ കാര്‍മികന്‍ കാതോലിക്ക ബാവ നഭാഷിക്തരുടെ ശിരസില്‍ കുരിശടയാളം വരച്ച് മാര്‍ ഒസ്താത്തിയോസ്, മാര്‍ അലക്‌സിയോസ് എന്നീ പേരുകള്‍ നല്‍കി. തുടര്‍ന്ന് അജപാലന അധികാരത്തിന്റെ സൂചകമായി അംശവടിയും ഏല്‍പിച്ചു. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാരും ഉള്‍പ്പെടെയുള്ള വന്‍ ജനാവലി സന്നിഹിതരായിരുന്നു.

