ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം പ്രകൃതിഭംഗിയും ആത്മീയതയും ഒത്തുചേരുന്ന അതിമനോഹരമായ മലനിരയാണ് ഉറവപ്പാറ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ‘മലയാള പളനി’ എന്നാണ് ഭക്തർക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ പവിത്രമായ ഈ ആത്മീയ കേന്ദ്രവും പ്രകൃതി വിസ്മയവും ഇന്ന് മദ്യപാനികളുടെയും കമിതാക്കളുടെയും അനാശ്യാസ പ്രവർത്തനങ്ങളാൽ അതിന്റെ തനിമ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

ഐതിഹ്യപ്പെരുമയും പാണ്ഡവ സ്മൃതികളും
വനവാസകാലത്ത് പാണ്ഡവർ ഇവിടെ പർണ്ണശാല കെട്ടി താമസിച്ചിരുന്നു എന്നാണ് ഐതിഹ്യം. പ്രാർത്ഥനയ്ക്കായി അവർ രാത്രിയിലിരുന്ന് നിർമ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. പുലരുന്നതിന് മുൻപ് പണി തീർക്കേണ്ടിയിരുന്നതിനാൽ വാതിലില്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ടാണ് ഇതിന്റെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭൂ സങ്കൽപ്പത്തിലുള്ള ബാലസുബ്രഹ്മണ്യ ചൈതന്യമാണ്. ദ്വാപരയുഗത്തിൽ യുധിഷ്ഠിരൻ ഇവിടെ ശിവാരാധന നടത്തിയിരുന്നതായും പറയപ്പെടുന്നു.

ക്ഷേത്രത്തിന് പിന്നിലായി പാഞ്ചാലി പാചകം ചെയ്യാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ‘അടുപ്പുകല്ലുകൾ’ കാണാം. രണ്ടാൾ പൊക്കത്തിൽ ആരോ എടുത്തുവെച്ചതുപോലെ കാണപ്പെടുന്ന ഈ കൂറ്റൻ പാറകൾ സഞ്ചാരികളിൽ അത്ഭുതമുണ്ടാക്കുന്ന കാഴ്ചയാണ്. മകരമാസത്തിലെ പുണർതം, പൂയം നാളുകളാണ് ഇവിടെ ഉത്സവമായി ആഘോഷിക്കുന്നത്. ഉപ്പും കുരുമുളകുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.
ഭീമൻ തീർത്ത വറ്റാത്ത നീരുറവ
വനവാസത്തിനിടയിൽ ദാഹിച്ചു വലഞ്ഞ കുന്തിദേവിക്കും പാഞ്ചാലിക്കും സഹോദരങ്ങൾക്കുമായി ഭീമസേനൻ തന്റെ ഗദ കൊണ്ട് പാറയിൽ പ്രഹരിക്കുകയും, ആ ശക്തിയിൽ പാറ പൊട്ടി നീരുറവ ഉണ്ടാവുകയും ചെയ്തു എന്നാണ് വിശ്വാസം. ഒരു കാൽപാദത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഈ നീരുറവ കഠിനമായ വേനലിലും വറ്റാറില്ല എന്നത് ഇന്നും ഒരു വിസ്മയമായി തുടരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഇത്രയധികം ഉയരത്തിലുള്ള കരിമ്പാറയിൽ എങ്ങനെ ഈ ഉറവ നിലനിൽക്കുന്നു എന്നത് ഭൂമിശാസ്ത്രപരമായി ഇന്നും അജ്ഞാതമാണ്.

അപചയത്തിന്റെ പാതയിൽ പ്രകൃതിയും പവിത്രതയും
പ്രകൃതി വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശം ഇന്ന് വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മലനിരകളെ ശ്വാസം മുട്ടിക്കുന്നു. പവിത്രമെന്ന് കരുതുന്ന ഭീമന്റെ കാൽപ്പാടിലെ നീരുറവയിൽ പോലും പ്ലാസ്റ്റിക് കുപ്പികൾ അടിഞ്ഞുകൂടിയിരിക്കുകയാണ്.
സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശം മദ്യപാനികളുടെയും കമിതാക്കളുടെയും വിഹാരകേന്ദ്രമായി മാറുന്നു. സമീപത്തെ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളടക്കമുള്ളവർ ഇവിടെ അനാശ്യാസ പ്രവർത്തനങ്ങൾക്കായി എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ ബൈക്കിലും കാറിലുമെത്തുന്ന സംഘങ്ങൾ പുലരുന്നതുവരെ ഇവിടെ തമ്പടിക്കുന്നത് പ്രദേശവാസികൾക്കും ക്ഷേത്ര അധികാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഭയപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുടുംബസമേതം ഇവിടെ വരാൻ ആളുകൾ മടിക്കുന്നു. പൗരാവകാശങ്ങൾക്കും നാട്ടുകാരുടെ സ്വൈര്യജീവിതത്തിനും വില നൽകാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഉറവപ്പാറയുടെ ശുദ്ധി നശിപ്പിക്കുകയാണ്.

എത്തിച്ചേരാനുള്ള വഴി
തൊടുപുഴ ടൗണിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരമേ ഉറവപ്പാറയിലേക്കുള്ളൂ. തൊടുപുഴ – ഇടുക്കി റോഡിൽ ഒളമറ്റം എന്ന സ്ഥലത്തുനിന്നാണ് ഉറവപ്പാറയിലേക്ക് തിരിയുന്നത്. ഇടുക്കിയിലേക്കുള്ള യാത്രയിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കപ്പെടേണ്ടത് പ്രകൃതിയുടെയും വിശ്വാസത്തിന്റെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

തയ്യാറാക്കിയത് : ഗീതാദാസ്

