പതിനഞ്ചു സംവത്സരങ്ങളുടെ അക്ഷരപ്പെരുമ..മലയാളീ പത്രത്തിന് പതിനഞ്ച് വയസ്,സിഡ്‌നിയില്‍ സംഘടിപ്പിക്കുന്ന മാ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ മലയാളത്തിന്റെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നു

സിഡ്‌നി; ഓസ്‌ട്രേലിയന്‍ മണ്ണില്‍ മലയാളത്തിന്റെ മഹിമ വിളിച്ചോതി മലയാളി പത്രത്തിന്റെ 15-ാമത് വാര്‍ഷികം കൊടിയേറുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്റെ നെറുകയിലേയ്ക്ക് മാതൃഭാഷയുടെ പ്രശസ്തി പടര്‍ന്നു പന്തലിക്കുകയാണ്.

സാഹിത്യഭംഗി നിറഞ്ഞ അനന്തമായ മനോഹാരിതയുള്ള ഒരിടമാണ് മലയാളം.ഐക്യത്തിന്റെ ഭാഷകൂടിയാണ് മലയാളം. അതിനാല്‍ തന്നെ മലയാളി എവിടെ ചെന്നാലും പരസ്പരം ഐക്യപ്പെടാനും കൂട്ടായ്മ ചേരാനും ചുറ്റുമുള്ളവരെ കൂടി ഈ കൂട്ടായ്മയിലേയ്ക്ക് ഉള്‍ചേര്‍ക്കാനും ഉത്സുകരാകുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ മനോഹാരിതയില്‍ ഉടലെടുത്ത് പ്രവാസികളുടെ ചിന്താമണ്ഡലത്തില്‍ മാതൃഭാഷയെ അടയാളപ്പെടുത്തിയ,മലയാളീ പത്രം അതിന്റെ പതിനഞ്ചാം വാര്‍ഷികത്തിലേയ്ക്ക് പാദമൂന്നുമ്പോള്‍ നിരവധി കലാ സാസ്‌കാരിക പരിപാടികളും സാഹിത്യ സംവാദങ്ങളും ചര്‍ച്ചകളുമാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

മാ ഫെസ്റ്റ് അക്ഷരോത്സവം എന്ന പേരില്‍ സിഡനിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍,ബെന്യാമിന്‍,സ്ത്രീത്വത്തിന്റെ വ്യക്തിമുദ്രകള്‍ പതിഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ അഭിനേത്രിയായി മാറിയ സജിതാ മഠത്തില്‍,2018 ല്‍ മികച്ച ഹാസ്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അനുഗ്രഹീത എഴുത്തുകാരന്‍ വി കെ കെ രമേഷ്, ഓര്‍മ്മക്കുറിപ്പുകളിലൂടെ ശ്രദ്ധേയയായ മലയാളത്തിലെ ഒരു യുവ എഴുത്തുകാരി ദീപാനിശാന്ത് എന്നിവരോടൊപ്പം കലാ സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നു.

അക്ഷരോത്സവത്തില്‍,മരണമില്ലാത്ത വായന എ ഐ യുഗത്തില്‍ എന്ന വിഷയത്തില്‍ ബെന്യാമന്റെ പ്രഭാഷണം,പ്രശസ്ത നാടക കലാകാരന്‍ ഗിരീഷ് അവണൂര്‍ അവതരിപ്പിക്കുന്ന നാടകം അതെന്താ, മലയാളത്തിന്റെ അനശ്വര പ്രതിഭകളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ച് പ്രശസ്ത നര്‍ത്തകിയും എല്‍ എസ് എസ് ഡി അധ്യാപികയുമായ ലക്ഷ്മി സുജിത്ത് അവതരിപ്പിക്കുന്ന നൃത്താഞ്ജലി സ്മൃതി,ഡോക്ടര്‍ ബാബു ഫിലിപ്പ് നിര്‍മ്മിച്ച്, റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത നീഹാരമേ എന്ന മ്യൂസിക് വിഡിയോയുടെ പ്രഥമ പ്രദര്‍ശനം എന്നിവയാണ് പ്രത്യേക പരിപാടികള്‍ അതോടൊപ്പം തന്നെ മലയാളത്തിലെ ക്ലാസിക് പുസ്തകങ്ങളുടെ പുസ്തക ചന്തയും അക്ഷരോത്സവത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.ഇതോടൊപ്പം മലയാളി പത്രത്തിന്റെ യൂട്യൂബ് ചാനന്‍ നാലാമന്‍ മീഡിയാ ഹൗസിന്റെ ഔദ്യോഗിക ലോഞ്ചിംഗും ചടങ്ങില്‍ നടക്കും.മേയര്‍ Lawrie McKinna കൗണ്‍സിലര്‍ Doug Eaton OAM എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *