ടൗൺസ്‌വിൽ: ജസ്റ്റിന്‍ ജോസഫ് എന്ന ഗ്രാവിറ്റി റിയല്‍ എസ്റ്റേറ്റ് സ്ഥാപകന് ടൗണ്‍സില്‍ മലയാളികള്‍ക്കിടയില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല.എന്നാല്‍ അദ്ദേഹം ആ മേഖലയിലേക്ക് കടന്നുവന്ന പശ്ചാത്തലമാണ് പലര്‍ക്കും ആശ്ചര്യമാകുന്നത്.
പത്ത് വര്‍ഷത്തിലേറെയായി രോഗികളുടെ കിടക്കക്കരികില്‍ ഇരുന്ന്,അവര്‍ക്ക് സാന്ത്വനവും പരിചരണവും നല്‍കിയിരുന്ന ഈ മലയാളി യുവാവ്,തൊഴില്‍ മേഖലയിലെ ഈ ചുവട്മാറ്റത്തിന് പ്രചോദനം നേടിയതും ആശുപത്രി മുറികളില്‍ പരിചയപ്പെട്ട മനുഷ്യരില്‍ നിന്നു തന്നെ! ജീവിതസായാഹ്നങ്ങളില്‍ രോഗികളുടെ വര്‍ണ്ണാഭമായ ജീവിതകഥകള്‍ കേട്ടപ്പോള്‍,വിരസമായി പോകുന്ന തന്റെ ജീവിതത്തെക്കുറിച്ച് രജിസ്റ്റേര്‍ഡ് നഴ്സ് ജസ്റ്റിന്‍ ജോസഫ് ആശങ്കപ്പെടാന്‍ തുടങ്ങി.
ന്യൂസിലന്‍ഡില്‍ ഒരു ദശകത്തിലേറെയായി നഴ്സായി പ്രവര്‍ത്തിച്ചശേഷം മൂന്ന് വര്‍ഷം മുമ്പ് ടൗണ്‍സ്‌വില്ലിലേക്കു കുടിയേറിയ ജസ്റ്റിന്‍,തന്റെ ജീവിതകഥയ്ക്കും കുറച്ച് നിറങ്ങള്‍ ചേര്‍ക്കേണ്ട സമയമായെന്ന് തീരുമാനിച്ചു. അത് അദ്ദേഹത്തെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കപ്പുറത്തേക്കുള്ള തൊഴില്‍മേഖലയില്‍ സമ്പൂര്‍ണമായൊരു മാറ്റത്തിലേക്ക് നയിച്ചു.
” ജീവിതത്തില്‍, വ്യത്യസ്ത ഘട്ടങ്ങളില്‍ നമ്മെ ആവേശപ്പെടുത്തുന്ന കാര്യങ്ങളും മാറിക്കൊണ്ടിരിക്കും,” ജസ്റ്റിന്‍ പറഞ്ഞു.
”ആശുപത്രി മുറിക്കുള്ളില്‍ ഞാന്‍ പരിചരിച്ചവര്‍ക്കെല്ലാം അവര്‍ ആഗ്രഹിച്ചത് പോലെ കുറെയെല്ലാം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരം ലഭിച്ചു. പ്രായമേറുമ്പോള്‍ എന്റെ കഥ പറയണമെങ്കില്‍, അതില്‍ വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാകണം എന്നെനിക്ക് തോന്നി.
ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ വാര്‍ഡിലെ ഷിഫ്റ്റ് ജോലി ദീര്‍ഘവും പ്രയാസകരവുമായി മാറി.
”നിന്നെ ആവേശപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം എന്താണ്?’ എന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചുകൊണ്ടിരുന്നു. എല്ലായപ്പോഴും അതിന് ഉത്തരം ‘റിയല്‍ എസ്റ്റേറ്റ് ‘എന്നായിരുന്നു.
അതാണ് നഴ്സിംഗ് സ്‌ക്രബ്‌സും സ്റ്റെതസ്‌കോപ്പും മാറ്റിവെച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്യൂട്ടുകളും പ്ലക്കാര്‍ഡുകളും സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
അങ്ങനെ ഞാന്‍ (റിയല്‍ എസ്റ്റേറ്റ്) ലൈസന്‍സ് എടുത്തു.”
എന്നാല്‍ കരിയര്‍ മാറ്റം ലൈസന്‍സ് എടുക്കുന്നത്ര എളുപ്പമല്ലെന്ന് ഉടന്‍തന്നെ തിരിച്ചറിഞ്ഞു.
”ഈ മേഖല അത്യന്തം മത്സരപരമായതിനാല്‍,ജോലി കിട്ടുക എളുപ്പമല്ല. 18 വര്‍ഷം നഴ്സിംഗില്‍ കഴിഞ്ഞ നിങ്ങള്‍ ഒരിക്കലും സെയില്‍സും ബിസിനസും ചെയ്തിട്ടില്ല, നിങ്ങള്‍ക്ക് യാതൊരു തൊഴില്‍ പരിചയവും ഇല്ല. അപ്രതീക്ഷിതമായി ഒരു ദിവസം
‘എനിക്ക് ഇതില്‍ താല്പര്യമുണ്ട് ഇതാണ് എന്റെ പാഷന്‍ എന്നുപറഞ്ഞ് ചെന്നാല്‍, ആരും അംഗീകരിക്കില്ല, ആരും നിങ്ങളെ വിശ്വസിച്ച് ബിസിനസ് ഏല്‍പ്പിക്കില്ല.”
നഴ്സിംഗില്‍ ആരും വില്‍പ്പനയും, ബിസിനസ്സും പഠിപ്പിക്കില്ല.നഴ്സായി ജോലി തുടരുന്നതിനാല്‍,തന്റെ താല്‍പര്യം വില്‍പ്പനയിലായിരുന്നെങ്കിലും,റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തന്നെ നിയമിക്കില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി.
‘എന്റെ ഇഷ്ടത്തെ പിന്തുടരാന്‍, എനിക്കത് ചെയ്യാനാകുമെന്ന് സ്ഥാപിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.ആഴ്ചയില്‍ ഒരു ദിവസം മാത്രം ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ട് തന്റെ മാനേജരും ക്ലിനിക്കല്‍ നഴ്സ് കോര്‍ഡിനേറ്ററും പിന്തുണ നല്‍കി.
അങ്ങനെ നഴ്‌സിംഗ് ഭാഗികമായി തുടര്‍ന്നുകൊണ്ട്,സ്വന്തം ബിസിനസ് ആയ ‘ഗ്രാവിറ്റി റിയല്‍ എസ്റ്റേറ്റ്’ ആരംഭിച്ചു.
ഇന്ന് ടൗണ്‍സ്വില്ലിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാര്‍ക്ക് ഒപ്പം സ്ഥാനം പിടിക്കുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആയത് ഈ യുവാവിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്.
ചെറുകിട,വന്‍കിടകച്ചവട പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ജസ്റ്റിന്‍ ജോസഫ് പത്തനംതിട്ട റാന്നി സ്വദേശിയാണ്.എഴുത്തിലും വായനയിലും ആഭിമുഖ്യമുള്ള ജസ്റ്റിന്‍ നഴ്‌സിങ്ങിലൂടെ ബിസിനസിലേക്ക് തന്നെ എത്തിച്ച അനുഭവപാഠങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
‘എന്റെ കൈകളില്‍ പലരും ജനിച്ചു,എന്റെ കൈകളാല്‍ പലരും രക്ഷിക്കപ്പെട്ടു,അതേ കൈകളില്‍ ചില ജീവനുകള്‍ ശാന്തമായി മയങ്ങി. ഉത്തരവാദിത്വം ഒരിക്കലും സ്വേച്ഛാനുസൃതമായിരുന്നില്ല. നഴ്‌സിംഗില്‍ 18 വര്‍ഷങ്ങള്‍ എന്നെ ശാന്തത പാലിക്കാന്‍,
ധാര്‍മികമായി പ്രവര്‍ത്തിക്കാന്‍,വിശ്വാസം വളര്‍ത്താന്‍,മനുഷ്യരെ സുരക്ഷിതമായി കരയിലെത്തിക്കാന്‍ പഠിപ്പിച്ചു.ആ ശക്തിയാണ് ഇപ്പോള്‍ എന്റെ ബിസിനസ്.’
സ്വജീവിതത്തില്‍ നിന്ന് ആര്‍ജ്ജിച്ച കരുത്തോടെ പ്രവര്‍ത്തിപഥങ്ങളില്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ ജസ്റ്റിന്‍ ജോസഫ് എന്ന യുവസംരംഭകന് കഴിയട്ടെ.

