ലണ്ടന്‍ : യുകെയിലെ ആരോഗ്യമേഖലയില്‍ മലയാളി സമൂഹം ഒരിക്കല്‍ക്കൂടി തങ്ങളുടെ പ്രഫഷനല്‍ മികവ് തെളിയിച്ചിരിക്കുന്നു.ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീന്‍ ഹരികുമാറിന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാര്‍’ പുരസ്‌കാരം ലഭിച്ചു.
നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോര്‍ത്ത്വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവില്‍ നവീന്‍ ഹരികുമാര്‍. മികച്ച രോഗീ പരിചരണം,സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകള്‍,നൂതനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.
ബ്ലാക്ക്, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ട നഴ്‌സിങ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്‌കാരം,നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവര്‍ക്കാണ് നല്‍കുന്നത്.വെറും ആറു വര്‍ഷം മാത്രമാണ് നവീന് യുകെയിലെ സേവന പരിചയം.
രാജ്യാന്തര തലത്തില്‍ വിദ്യാഭ്യാസം നേടിയ നഴ്‌സുമാര്‍ (IEN Internationally Educated Nurses) യുകെയില്‍ എത്തിക്കഴിയുമ്പോള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് നവീന്‍ രൂപകല്‍പ്പന ചെയ്ത ‘IEN ഓറിയന്റേഷന്‍ ഫ്രെയിംവര്‍ക്ക്’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്ന്.
ഈ പ്രോഗ്രാമിന്റെ ഫലമായി, യൂണിറ്റില്‍ ജോലിക്ക് പ്രവേശിച്ച 100% രാജ്യാന്തര നഴ്‌സുമാരും ഇപ്പോഴും ജോലിയില്‍ തുടരുന്നു എന്ന മികച്ച നേട്ടം കൈവരിക്കാനായി. കൂടാതെ, നവീന്‍ നല്‍കിയ പിന്തുണയ്ക്ക് എല്ലാ നഴ്‌സുമാരും 5/5 റേറ്റിങ് നല്‍കിയിട്ടുണ്ട്. റൈസിങ് സ്റ്റാര്‍ പുരസ്‌കാരത്തിന് പുറമെ, നവീന്‍ ഹരികുമാര്‍ പ്രവര്‍ത്തിക്കുന്ന ടീം എച്ച്എസ്‌ജെ അവാര്‍ഡ്സ് 2025-ല്‍ (HSJ Awards 2025) തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.
‘പേഷ്യന്റ് സേഫ്റ്റി’ (Patient Safety) വിഭാഗത്തില്‍ ടീം ‘ഹൈലി കമന്‍ഡഡ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ‘നഴ്‌സ് നേതൃത്വത്തിലുള്ള നല്‍കുന്ന രോഗീ സുരക്ഷാ സംരംഭങ്ങള്‍’ (Nurse led patient safety initiative) എന്ന ഉപവിഭാഗത്തില്‍ ടീം വിജയികളാവുകയും ചെയ്തു. രോഗീപരിചരണ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് എജ്യുക്കേറ്റര്‍ എന്ന നിലയില്‍ നവീന്‍ നിര്‍ണായക പങ്ക് വഹിച്ചതായി വിലയിരുത്തപ്പെട്ടു.നിലവില്‍ ക്വളിറ്റി ഇംപ്രൂവ്‌മെന്റ് കോച്ച്, പ്രഫഷനല്‍ നഴ്സ് അഡ്വക്കറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
പ്രഫഷനല്‍ രംഗത്തെ സംഭാവനകള്‍ക്ക് പുറമെ,യൂക്കെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കൈരളി യൂക്കെയുടെ ദേശീയ സെക്രട്ടറി ആയും നവീന്‍ സജീവമാണ്.
ആലപ്പുഴ തിരുവമ്പാടിയാണ് നവീന്റെ സ്വദേശം. ആലപ്പുഴയിലെ ഗവണ്‍മെന്റ് കോളജ് ഓഫ് നഴ്‌സിങില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. നിലവില്‍ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ഹയര്‍ എജ്യുക്കേഷനില്‍ പി.ജി. ഡിപ്ലോമ പഠനം നടത്തുകയാണ്. മാതാപിതാക്കള്‍: ഹരികുമാര്‍, ഗീത. ഭാര്യ അഥീന ബി ചന്ദ്രന്‍, മകള്‍ ഇതള്‍ നവീന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം

