മെൽബൺ: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കവർച്ചാശ്രമം തടയാൻ ശ്രമിച്ച 22 വയസ്സുകാരനായ സെക്യൂരിറ്റി ജീവനക്കാരൻ മെൽബണിൽ കുത്തേറ്റ് മരിച്ചു.മെൽബണിന്റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശമായ മെർണ്ടയിൽ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്.
മെർണ്ട സ്റ്റേഷന് സമീപം ബ്രിഡ്ജ് ഇൻ റോഡിൽ ഒരു സംഘം ആളുകൾ തമ്മിൽ സംഘർഷം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അടിയന്തര വിഭാഗം സ്ഥലത്തെത്തിയിരുന്നു. അവിടെ വെച്ച് 14 വയസ്സുകാരനായ ഒരു സ്കൂൾ വിദ്യാർത്ഥിയെ അക്രമിസംഘത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 22-കാരന് കുത്തേറ്റതെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.യാതൊരുവിധ പ്രകോപനവുമില്ലാതെ,കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ച യുവാവിനെ അക്രമിസംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് ആക്ടിംഗ് ഇൻസ്പെക്ടർ നൈജൽ എൽസ്ട്രേഞ്ച് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവാവിന് പാരാമെഡിക്സ് പ്രാഥമിക ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16, 18 വയസ്സുള്ള ഓരോ യുവാക്കളെയും 17 വയസ്സുള്ള രണ്ട് കൗമാരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് മെർണ്ട സ്വദേശിയാണെന്നും സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.

