ജര്‍മനിയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കണ്ണീരോടെ യാത്രാമൊഴി

ആഹന്‍ ; ജര്‍മനിയിലെ ആഹനില്‍ ജീവനൊടുക്കിയ പത്തനംതിട്ട കൊടുമണ്‍ വല്യയ്യത്ത് ഡെനിന്‍വില്ലയില്‍ ഡെനിന്‍ സജിയുടെ മൃതദേഹം നവംബര്‍ 30ന് രാത്രി 8:30ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡിസംബര്‍ 1ന് രാത്രി 7.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു.

തുടര്‍ന്ന് ഡെനിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി. നോര്‍ക്കയുടെ സഹായത്തോടെ പത്തനംതിട്ട കൊടുമണ്ണിലുള്ള സ്വഭവനത്തില്‍ അന്ത്യാഞ്ജ്ജലി അര്‍പ്പിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ കൊടുമണ്‍ ഈസ്റ്റ് സെന്റ് സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു

വി.ഡി. സജിയുടെയും എല്‍സമ്മയുടെയും മകനാണ്. സഹോദരി: ഡോണ. ആഹന്‍ ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്‌സിറ്റിയില്‍ ജിയോളജിയില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയായ ഡെനിന്‍ നവംബര്‍ 20നാണ് ജീവനൊടുക്കിയത്.

മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കേന്ദ്രമന്ത്രാലയം, ബര്‍ലിന്‍ ഇന്‍ഡ്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക (തിരുവനന്തപുരം) എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കിയത് ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *