ബെൻഡിഗോയ്ക്ക് സമീപം വാഹനാപകടം; മലയാളി യുവാവ് മരിച്ചു

മെൽബൺ: വിക്ടോറിയയിലെ ബെൻഡിഗോയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കിൽമോറിൽ താമസിക്കുന്ന ടീജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45-ഓടെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കിൽമോറിൽ ഭാര്യ അഞ്ജു തോമസിനും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനുമൊപ്പമായിരുന്നു ടീജോ താമസിച്ചിരുന്നത്. ടീജോയുടെ അപ്രതീക്ഷിത വിയോഗം വിക്ടോറിയയിലെ മലയാളി സമൂഹത്തെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. മികച്ച പെരുമാറ്റവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വ്യക്തിയെയാണ് സമുദായത്തിന് നഷ്ടമായതെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

ടീജോയുടെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. അഞ്ജുവിനെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും ഈ അതീവ ദുഃഖകരമായ സാഹചര്യത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ അസോസിയേഷൻ ഒപ്പമുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *