ടൗണ്‍സ്വില്‍ : കഴിഞ്ഞ 13 വര്‍ഷമായി ഓസ്ട്രേലിയയില്‍ പ്രവാസജീവിതം നയിക്കുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ കോഴിക്കോട് സ്വദേശി ബിനു മാത്യുവിന്റെ ഔദ്യോഗിക ജീവിതം കംപ്യൂട്ടറുകള്‍ക്കും കോഡുകള്‍ക്കും ഇടയിലാണ്. എന്നാല്‍, ഈ ഹൈടെക് ജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ മനസ്സിനെ എപ്പോഴും പിടിച്ചുലച്ചത് മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു.
കേരളത്തോട് സമാനമായ കാലാവസ്ഥയാണ് ഓസ്ട്രേലിയയിലെ ടൗണ്‍സ്വില്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം.ആദ്യം മിഡില്‍ ഈസ്റ്റിലും പിന്നീട് അയര്‍ലന്‍ഡിലും പ്രവാസം തിരഞ്ഞെടുത്ത ബിനു, ഒടുവില്‍ കേരളത്തിന്റെ കാലാവസ്ഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരിടം തേടിയാണ് ഓസ്‌ട്രേലിയയിലെ ടൗണ്‍സ്വില്ലില്‍ എത്തിയത്.
ചെറുപ്പം മുതലേ കൃഷിയോട് താല്‍പ്പര്യമുള്ള ബിനുവിന്, ഇവിടത്തെ കാലാവസ്ഥ ഒരു അനുഗ്രഹമായി. ജോലിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ അദ്ദേഹം ഒഴിവുസമയം കൃഷിക്കായി മാറ്റിവച്ചു.
ഈ താല്‍പര്യമാണ് എട്ടുവര്‍ഷം മുന്‍പ് തന്റെ ഭൂമിയില്‍ ചെന്തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ബിനുവിനെ പ്രേരിപ്പിച്ചത്.തെങ്ങുകള്‍ സമൃദ്ധമായി വളര്‍ന്നു.അപ്പോഴാണ് പണ്ടെങ്ങോ നാട്ടില്‍ തെങ്ങില്‍ നിന്ന് കള്ള് ചെത്തുന്നത് കണ്ടിട്ടുള്ള ബിനുവിന്റെ മനസ്സില്‍ ഒരു മോഹം മൊട്ടിട്ടത്.സ്വന്തമായി ചെത്തിയെടുത്ത കള്ളിന്റെ രുചി അറിയണം!
ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ബിനു കള്ള് ചെത്തി പരിചയമുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ടു.അവരില്‍ നിന്ന് ലഭിച്ച അറിവും നിര്‍ദ്ദേശങ്ങളും വച്ചാണ് ഈ മലയാളി തന്റെ ടൗണ്‍സ്വില്ലിലെ തോട്ടത്തില്‍ ആദ്യമായി കള്ള് ചെത്തിയത്.സംഭവം വിജയകരമാകുമോ എന്ന് ഉറപ്പില്ലായിരുന്നു.എന്നാല്‍, ആദ്യ ശ്രമം തന്നെ വിജയകരമായതിന്റെ സന്തോഷത്തിലാണ് ഈ മലയാളി.

ബിനുവിന്റെ ഈ സംരംഭം ഒരു ബിസിനസിനോ വരുമാനത്തിനോ വേണ്ടിയായിരുന്നില്ല. അത് മണ്ണിനോടുള്ള, കൃഷിയോടുള്ള അഭിനിവേശം മാത്രമായിരുന്നു. ഓസ്ട്രേലിയന്‍ നിയമമനുസരിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി കള്ള് ചെത്തുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസ്സങ്ങളില്ല. ആദ്യ ശ്രമത്തില്‍ ചില ചെറിയ പാളിച്ചകള്‍ സംഭവിച്ചെങ്കിലും, അടുത്ത തവണ അവയെല്ലാം പരിഹരിക്കണമെന്നാണ് ബിനുവിന്റെ ആഗ്രഹം.
കള്ള് ചെത്ത് മാത്രമല്ല, ടൗണ്‍സ്വില്ലിലെ ബിനുവിന്റെ തോട്ടത്തില്‍ സമൃദ്ധമായി വളരുന്നത്. തെങ്ങിനൊപ്പം കപ്പ, വാഴ തുടങ്ങി നാട്ടിലെ കൃഷിയിടങ്ങളിലെ കാഴ്ചകള്‍ എല്ലാം അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. ‘ഇവിടെയും കൃഷി ചെയ്യാം’ എന്ന ഒരു സന്ദേശവും ബിനു പ്രവാസികള്‍ക്ക് നല്‍കുന്നത്.
ജോലിയിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരു ആശ്വാസം കണ്ടെത്താന്‍ കൃഷിയിലേക്ക് തിരിഞ്ഞ ബിനു, ടൗണ്‍സ്വില്ലിലെ അനുകൂലമായ കാലാവസ്ഥയുടെ സഹായത്തോടെ ആ ഇഷ്ടം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.ഓസ്ട്രേലിയയിലെ ടൗണ്‍സ്വില്ലില്‍ കുടുംബമായി സ്ഥിരതാമസം. ഭാര്യ നഴ്‌സാണ്, രണ്ടു കുട്ടികള്‍.

