അമിത് ഷായുടെ കുറ്റപത്രത്തിന് ബിജെപി വിരുദ്ധ കുറ്റപത്രത്തിലൂടെ മറുപടി നൽകി മമത ബാനർജി

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, ബിജെപിക്കെതിരെ സ്വന്തം കുറ്റപത്രം അവതരിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീ സുരക്ഷാ പ്രശ്നങ്ങളും ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാട്ടിയാണ് മമത തന്റെ പ്രതിരോധം തീർത്തത്.കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തൃണമൂൽ സർക്കാരിനെതിരെയുള്ള കുറ്റപത്രം അമിത് ഷാ അവതരിപ്പിച്ചത്. കഴിഞ്ഞ 15 വർഷം ബംഗാളിൽ ഭയത്തിന്റെയും അഴിമതിയുടെയും കാലമായിരുന്നെന്നും, വ്യവസായങ്ങളുടെ ശവക്കുഴിയായി ബംഗാൾ മാറിയെന്നും അദ്ദേഹം ആരോപിച്ചു. അയൽരാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും സാമ്പത്തിക തകർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.അമിത് ഷായുടെ ആരോപണങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മമത മറുപടിയുമായി രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥ പരിതാപകരമാണെന്നും അവിടെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും മമത കുറ്റപ്പെടുത്തി.അടുത്ത മാസം (ഏപ്രിൽ) 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളായി ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അമിത് ഷാ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം കുറ്റപത്രങ്ങൾ പുറത്തിറക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *