മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്ക്; നാസയുടെ ആർട്ടെമിസ് 2 വിക്ഷേപണം നാളെ

വാഷിംഗ്ടൺ ഡിസി: അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം, 53 വർഷത്തെ ഇടവേള കഴിഞ്ഞ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നു. നാസയുടെ അഭിമാന പദ്ധതിയായ ആർട്ടെമിസ് 2 ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. ഇന്ത്യൻ സമയം ഏപ്രിൽ 2-ന് പുലർച്ചെ 3.54-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക.​നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ചരിത്ര യാത്രയിൽ പങ്കെടുക്കുന്നത്. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ (മിഷൻ സ്പെഷ്യലിസ്റ്റുകൾ) എന്നിവരടങ്ങുന്നതാണ് സംഘം. ഇതോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിത എന്ന റെക്കോർഡ് ക്രിസ്റ്റീന കോച്ച് സ്വന്തമാക്കും.​പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങില്ല. പകരം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ഒരു തവണ വലംവെച്ച ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിനും അവിടെ സ്ഥിരസാന്നിധ്യമാകുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് ആർട്ടെമിസ് 2-ന്റെ പ്രധാന ലക്ഷ്യം.​ഭൂമിയിൽ നിന്നും ചന്ദ്രനടുത്തേക്കും തിരിച്ചുമായി ഏകദേശം 11 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം ഓറിയോൺ പേടകം സഞ്ചരിക്കും. ഏപ്രിൽ പത്തോടു കൂടി പേടകം പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങുന്ന വിധത്തിലാണ് ക്രമീകരണം. സാധാരണക്കാരെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാഗമാക്കുന്നതിനായി ലോകമെമ്പാടുമുള്ള 56 ലക്ഷം ആളുകളുടെ പേരുകൾ അടങ്ങിയ ഡിജിറ്റൽ ആർക്കൈവും ദൗത്യസംഘം കൂടെ കൊണ്ടുപോകുന്നുണ്ട്. നാസയുടെ യുട്യൂബ് ചാനലിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *