മാഞ്ചസ്റ്റർ : യുകെയിലെ മാഞ്ചസ്റ്ററിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒടുവിൽ നീതി. റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ നഴ്സ് അച്ചാമ്മ ചെറിയാനെ (57) ആക്രമിച്ച പ്രതി റമോൺ ഹക്കിനെ (38) 28 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചു. മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. നഴ്സിനെതിരെ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമമാണെന്ന്നിരീക്ഷിച്ച കോടതി, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സംഭവം. മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതി മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു. സംഭവദിവസം രാത്രി ഷിഫ്റ്റിനായി എത്തിയ അച്ചാമ്മ ചെറിയാൻ, ഹക്കിന്റെ ആരോഗ്യനില പരിശോധിക്കുകയും മദ്യപാനത്തിൽ നിന്നുള്ള പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal symptoms) കുറയ്ക്കാനുള്ള മരുന്ന് വേണോ എന്ന് തിരക്കുകയും ചെയ്തിരുന്നു.എന്നാൽ ഇത് നിരസിച്ച ഹക്ക്, ഹെറോയിന് പകരമായി ഉപയോഗിക്കുന്ന ‘മെതഡോൺ’ എന്ന ലഹരിമരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ടു. മരുന്ന് നൽകാൻ സമയമായിട്ടില്ലെന്നും ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണമെന്നും അച്ചാമ്മ ശാന്തമായി അറിയിച്ചു. തുടർന്ന് മറ്റ് രോഗികളെ പരിചരിക്കാനായി അവർ തിരിഞ്ഞു നടന്നതോടെയാണ് ഹക്ക്ആക്രമണം നടത്തിയത്.

